അമ്മയുടെ കണ്ണുകൾ
(Short story:based on a real incident)
​​​​ അയൽപക്കത്തെ കോഴി കൂവുന്നത് കേട്ടാണ് ഗംഗ ഉണർന്നത്.അതിരാവിലെ എഴുന്നേറ്റ് വീട്ടിലെ പണികൾ എല്ലാം ചെയ്ത് തീർത്തിട്ട് വേണം അവൾക്ക് പട്ടണത്തിലെ വീടുകളിൽ പോയി ജോലികൾ ചെയ്യുവാൻ.മൂന്ന് വീടുകളിലെ മുറ്റമടി,തറതുടയ്ക്കൽ,ഒരു വീട്ടിലെ പാചകം, ഇത്രയും കഴിഞ്ഞിട്ടാണ് വൈകുന്നേരത്തെ പലഹാരക്കടയിലെ ജോലി.സ്ത്രീകളുടെ കൂട്ടായ്മയിൽ ഉള്ള പലഹാരക്കടയിലെ ജോലിയും കഴിഞ്ഞ് അവരോടൊപ്പം വീട്ടിലേക്ക് തിരിച്ചെത്തുമ്പോൾ രാത്രിയായിട്ടുണ്ടാകും.
​​​ കണ്ണനെയും,ഉണ്ണിയെയും അവളെ ഏൽ‌പ്പിച്ചിട്ട് വിജയേട്ടൻ പോയിട്ട് വർഷം പതിനൊന്നു കഴിഞ്ഞു.വിജയേട്ടന്റെ അമ്മയെ ഇരട്ടകുട്ടികളായ കണ്ണനെയും,ഉണ്ണിയെയും ഏല്പിച്ചിട്ടാണ് ഗംഗ പട്ടണത്തിലേക്ക് പോവുക. കണ്ണനെയും,ഉണ്ണിയെയും കാണുമ്പോൾ ഗംഗ സ്വയം ശപിക്കും.രണ്ടുപേർക്കും കാഴ്ചയില്ല.അതിനാൽത്തന്നെ അവരെ നോക്കാനായി ഒരാൾ വേണം.വിജയേട്ടന്റെ അമ്മയ്ക്കും ഇപ്പോൾ തീരെ വയ്യാതാ‍യിരിക്കുന്നു.വളരെ ബുദ്ധിമുട്ടിയാണ് ജീവിക്കുന്നതെങ്കിലും മക്കൾ രണ്ടുപേർക്കും കാഴ്ച ലഭിക്കുവാനായി അവൾ സമീപിക്കാത്ത ഡോക്ടർമാരില്ല. കാഴ്ച ലഭിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്.എന്നാൽ കണ്ണുകൾ ദാനമായി ലഭിക്കണം.മരിച്ചുപോയവരുടെ കണ്ണുകൾ ദാനം കൊടുക്കാറുണ്ടെന്നും,അങ്ങനെ ചിലർക്കൊക്കെ കാഴ്ച ലഭിക്കാറുണ്ടെന്നും അവൾ അത്ഭുതത്തൊടെയാണ് കേട്ടത്.ചിലർക്ക് എന്ത് ചെയ്താലും കാ‍ഴ്ച ലഭിക്കില്ലത്രേ.തന്റെ കുട്ടികൾക്ക് കാ‍ഴ്ച ലഭിക്കാവുന്നതേയുള്ളു എന്ന പ്രതീക്ഷയാണ് അവളെ ജീവിതത്തിൽ മുന്നോട്ട് നയിച്ചത്.പക്ഷെ രണ്ട് കണ്ണുകൾ എവിടെ നിന്നു ലഭിക്കും?ആ ചോദ്യം പല രാത്രികളിലും അവളുടെ ഉറക്കം കവർന്നു.
​​​മരിച്ചയാൾ കണ്ണുകൾ ദാനം ചെയ്യാൻ സമ്മതിച്ചയാളയിരിക്കണം,മാത്രമല്ല മരിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ അത് ലഭ്യമാവുകയും വേണമെന്നാണ് ഡോക്ടർ പറയുന്നത്.വളരെയധികം ആളുകൾ ദിവസവും മരിക്കാറുണ്ട് എന്നാൽ കണ്ണുകൾ ദാനം ചെയ്ത ആരുമില്ല അക്കൂട്ടത്തിൽ.മരണശേഷം ഉപകാരമില്ലാത്ത കണ്ണുകൾ മറ്റൊരാൾക്കും നൽകാൻ മനുഷ്യർ തയ്യാറാകാത്തതെന്തെന്ന് ഗംഗയ്ക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല.കണ്ണുകൾ ലഭിക്കുവാനായി ഗംഗ പല ആശുപത്രികളെയും, സന്നദ്ധസംഘടനകളെയും സമീപിച്ചു.മിക്കവാറും കണ്ണുകൾ ദാനം ചെയ്യുന്നവർ അകലങ്ങളിലുള്ളവരാണ്,അതിനാൽ തന്നെ സമയത്തിനുള്ളിൽ ശസ്ത്രക്രിയ ചെയ്യാനാവുകയില്ല.ഗംഗയുടെ സ്വപ്നം ഇനിയും നടക്കാത്ത സ്വപ്നമായി ത്തന്നെ നിലകൊണ്ടു.
അങ്ങനെ ഒരു ദിവസം പലഹാരക്കടയിൽ നിന്ന് പെട്ടെന്ന് അവളെ വീട്ടിലേക്ക് വിളിച്ച് കൊണ്ടുപോയി.വീട്ടിലെത്തിയപ്പോൾ മരിച്ച് കിടക്കുന്ന വിജയേട്ടന്റെ അമ്മയെ ആണ് അവൾ കണ്ടത്.തനിക്കാകെ ഒരാശ്രയമുണ്ടായിരുന്നത് കൂടി ഇല്ലാതായി എന്ന സത്യം ദുഖത്തിന്റെ നീർക്കയത്തിലേക്ക് അവളെ വലിച്ചെറിഞ്ഞു.ദുഖാർത്തയായി ഗംഗ ഇരിക്കുമ്പോളാണ് ഉണ്ണി ചോദിച്ചത് ’മുത്തശ്ശിയെ ഇനി കാണാൻ ഞങ്ങൾക്കവില്ലേ അമ്മേ?’പെട്ടെന്നാ‍ണവളുടെ മനസ്സിൽ തോന്നിയത്,വിജയേട്ടന്റെ അമ്മയുടെ കണ്ണുകൾ…തന്റെ കുട്ടികൾക്ക് കൊടുത്തുകൂടെ…പെട്ടെന്നവിടെ കൂടിയിരിക്കുന്നവരെ ഗംഗ കാര്യമറിയിച്ചു.ശവശരീരവുമായി പട്ടണത്തിലേക്കുള്ള ആശുപത്രിയിലേക്ക് പോകണം.ഗ്രാമത്തിലെ വണ്ടികൾ എല്ലാം പട്ടണത്തിലാണ് ഓടുന്നത്.അവിടെ നിന്നും വണ്ടി വരുമ്പോളേക്കും താമസിക്കുമോ എന്നൊരു സംശയം ബാക്കി നിന്നുവെങ്കിലും വണ്ടി വിളിക്കുവാൻ അവൾ ശങ്കിച്ചുനിന്നില്ല. ആശുപത്രിയിലെത്തിയപ്പോൾ ഗംഗയ്ക്കുണ്ടായിരുന്ന പ്രതീക്ഷ നിരാശയ്ക്ക് വഴി മാറി.സമയം കഴിഞ്ഞ് പോയിരുന്നു.തന്റെ കുട്ടികളുടെ ദൌർഭാഗ്യമോർത്ത് വിലപിക്കുവാനേ ആ അമ്മയ്ക്കായുള്ളു.
​​​ വിജയേട്ടന്റെ അമ്മ മരിച്ച ശേഷം കണ്ണനെയും,ഉണ്ണിയെയും നോക്കുവാനാരുമ്മില്ലാതയിരിക്കുന്നു.ജോലി എല്ലാം കഴിഞ്ഞ് വീട്ടിൽ വരുമ്പോൾ എവിടെയെങ്കിലും തട്ടിമുറിഞ്ഞ ശരീരവുമായിരിക്കുന്ന മക്കളെയോർത്ത് അവൾ മനസ്സിൽ വിലപിച്ചു.താൻ വീട്ടിലില്ലാത്തപ്പോൾ എവിടെയും ഇറങ്ങിനടക്കരുതെന്ന് പറഞ്ഞശേഷം ഗംഗ ജോലിക്ക് പോയിത്തുടങ്ങി.ദീർഘനാളായി താൻ സൂക്ഷിച്ചുവച്ചിരുന്ന പണം കുട്ടികളുടെ ശസ്ത്രക്രിയയ്ക്ക് തികയുമെന്നയപ്പോൾ അവൾക്കു സന്തോഷമായി.പക്ഷെ കണ്ണുകൾ….അതോർത്തപ്പോൾ ഗംഗയ്ക്ക് ഒരെത്തും പിടിയും കിട്ടിയില്ല.കുട്ടികൾ ഉറങ്ങിയ ശേഷവും പല രാവുകളിൽ അവൾ അതേപ്പറ്റിചിന്തിച്ചുകൊണ്ടിരുന്നു.ഒടുവിൽ ഒരു രാത്രി വളരെ ആലൊചിച്ചപ്പോൾ ഒരു വഴി തെളിഞ്ഞെന്നപോലെ അവൾ പുതപ്പിനുള്ളിലേക്ക് കയറി.ആ രാത്രി അവൾ സുഖമായുറങ്ങി.
​​​ പിറ്റേന്ന് രാവിലെ പോകാറായപ്പോൾ അവൾ പതിവില്ലാത്തവിധം കുട്ടികളെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.വീട്ടിൽനിന്നും ഫോൺ സൌകര്യമുള്ള ഗ്രാമത്തിലെ ഒരേ ഒരു കടയിലേക്ക് പോയി.ബൂത്തിൽ കയറി ഫോൺ ചെയ്തിറങ്ങിയ ഗംഗയെ കണ്ടപ്പോൾ അവൾക്കാരെയാണ് ഫോൺ വിളിക്കാനുള്ളതെന്ന് പലഹാരക്കടയിലെ സ്ത്രീകൽ മനസ്സിൽ ചോദിച്ചു.അന്ന് പട്ടണത്തിലേക്കു ജോലിക്കായി ഗംഗ പോയില്ല.പകരം വീട്ടിലെത്തി കണ്ണനെയും,ഉണ്ണിയെയും അടുത്ത് വിളിച്ച് ചോദിച്ചു’മക്കൾക്ക് കാഴ്ച ലഭിക്കുമ്പോൾ ആദ്യം എന്താ ചെയ്യുക?’
‘അത്..അത്..കാഴ്ച ലഭിക്കുമോ അമ്മേ?’ കണ്ണൻ ചോദിച്ചു.
‘ലഭിക്കും മോനെ’അവൾ തേങ്ങിക്കൊണ്ട് പറഞ്ഞു.
‘എങ്കിൽ വീടും തൊടിയുമൊക്കെ കാണണം.പൂക്കളും,പൂമ്പാറ്റകളെയും കാണണം.എന്നാലേറ്റവും ആദ്യം കാണേണ്ടത് അമ്മയേയാണ്.‘ഉണ്ണി പറഞ്ഞു.കണ്ണൻ അത് ശരിവച്ചു.
‘ഉം ..ശരി.എന്റെ മക്കൾ സ്കൂളിൽ പോയി നന്നായി പടിക്കണം.നല്ല കുട്ടികളായി വളരണം.അച്ചന്റെയും മുത്തശ്ശിയുടെയും തറകളിൽ എന്നും വിളക്ക് വയ്ക്കണം.‘അവരെ കെട്ടിപിടിച്ച് കരഞ്ഞുകൊണ്ടവൾ പറഞ്ഞു.
അര മണിക്കൂറിനകം ഒരു ആമ്പുലൻസ് ഗംഗയുടെ വീടിനുമുമ്പിൽ വന്നു നിന്നു.ആളുകൾ ഓടിക്കൂടി,കാര്യമെന്തെന്നന്വേഷിച്ചു.കിണറിനകത്തുനിന്നും ഒരു മധ്യവയസ്കയായ സ്ത്രീയുടെ ശവശരീരം പുറത്തെടുത്ത് ആമ്പുലൻസിൽ കയറ്റി…ഒപ്പം കുട്ടികളെയും. കണ്ണന്റെയും,ഉണ്ണിയുടെയും കാഴ്ച കിട്ടാനുള്ള ശസ്ത്രക്രിയയ്ക്കുള്ള മുഴുവൻ പണവും ആശുപത്രിയിൽ മുൻ കൂറായടച്ച ഗംഗ രാവിലെ ഡോക്ടറോട് കണ്ണുകൾ ലഭിച്ചെന്നും,വീട്ടിലേക്ക് ഒരു ആമ്പുലൻസ് അയക്കണമെന്നും ആവശ്യപ്പെടുകയും ചെയ്ത ശേഷം സ്വയം കിണറ്റിൽ ചാടി മരിക്കയുമായിരുന്നുവെന്ന് ഒരു ഞെട്ടലോടെയാണ് നാട്ടുകാർ അറിഞ്ഞത്.
​​​ കണ്ണന്റെയും,ഉണ്ണിയുടെയും ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി.കണ്ണിലെ കെട്ടു തുറക്കുമ്പോൽ അമ്മ അരികിലുണ്ടാവണമെന്ന് അവർ ഡോക്ടറോട് നിർബന്ധം പിടിച്ചു.തന്റെ മക്കൾക്ക് ശാപമോക്ഷം കിട്ടുവാനായി മക്കളെ നദിയിലെറിഞ്ഞു കൊന്ന ഐതിഹ്യകഥയിലെ ഗംഗാദേവിയെ പറ്റി പണ്ട് മുത്തശ്ശി പറഞ്ഞ് തന്നത് ഡോക്ടറുടെ ഓർമ്മയിൽ വന്നു,എന്നാൽ മക്കൾക്ക് കാഴ്ച ലഭിക്കുവാൻ സ്വയം ജീവനൊടുക്കിയ ഗംഗ ഇനിയും മനസ്സിലാകാത്ത പ്രഹേളികയായി തന്നെ തുടർന്നു. കണ്ണനെയും,ഉണ്ണിയെയും കാത്തുകൊണ്ട് മോർച്ചറിയിൽ തണുത്തുവിറങ്ങലിച്ച ഒരു ശവശരീരം കിടപ്പുണ്ടായിരുന്നു.

സൃഷ്ടി:
Dhanish Antony



Labels: , , ,



Leave A Comment:

Powered by Blogger.