ബോക്സർ:: ധനിഷ് ആൻ്റണി

ബോക്സർ
(Short story:Partly based on a real incident)
ചുറ്റുംകൂടിനില്ക്കുന്ന പട്ടാളക്കാരുടെ വിജയാഹ്ലാദങ്ങൾക്കിടയിലും ഒരു ജേതാവിൻ്റെ വിജയസ്മിതങ്ങളില്ലാതെ അയാൾ അവർക്കിടയിലൂടെ നീങ്ങിക്കൊണ്ടിരുന്നു. ദു:ഖം മുറ്റിനിൽക്കുന്ന തൻ്റെ കണ്ണിൽനിന്ന് കണ്ണുനീർ വീഴാതിരിക്കുവാൻ വളരെയധികം ശ്രമിച്ചുകൊണ്ടയാൾ തലതാഴ്ത്തി നടന്നുകൊണ്ടിരുന്നു. ഇതു വിജയമല്ല, പരാജയമാണ് .... തന്നിലെ മനുഷ്യൻ എന്നോ മരിച്ചുകഴിഞ്ഞിരിക്കുന്നു. തനിക്കുതന്നെ പരിചയമില്ലാത്ത ഒരുവനാണ് താനെന്നയാൾക്ക്‌ തോന്നി.
ഏകദേശം ഇരുപതിനായിരത്തോളം വരുന്ന ജനസഞ്ചയത്തിനിടയിലെ ഏറ്റവും മികച്ച ബോക്സറാണയാൾ. ബോക്സിംഗിൻ്റെ പ്രാഥമിക പരിശീലനംപോലും ലഭിക്കാത്ത ഭൂരിഭാഗം വരുന്നവരുടെയിടയിലെ അനിഷേധ്യജേതാവ്. എല്ലാദിവസവും നടക്കുന്ന ബോക്സിംഗ് മത്സരങ്ങൾ .... ഓരോദിവസവും മാറിമാറിവരുന്ന എതിരാളികൾ.... കഴിഞ്ഞ എഴുപത്തിമൂന്നുമത്സരങ്ങളിലും ജേതാവയാൾതന്നെയായിരുന്നു. ഇന്നുനടന്ന തൻ്റെ എഴുപത്തിനാലാമത്തെ മത്സരത്തിലും മത്സരഫലം മറ്റൊന്നാവുകയില്ലെന്ന് കാണികൾക്കുറപ്പുണ്ടായിരുന്നു.കഴിഞ്ഞ എഴുപത്തിമൂന്നുമത്സരങ്ങളിലെ വിജയം മാത്രമായിരുന്നില്ല അതിനുകാരണം. ഇത്തവണത്തെയും എതിരാളി ബോക്സിംഗിൻ്റെ ആദ്യാക്ഷരങ്ങൾ പോലുമറിയാത്ത ഒരാളാണെന്നതും അവരുടെ വിശ്വാസത്തിന് ആക്കം കൂട്ടി. കഴിഞ്ഞ എഴുപത്തിമൂന്നുമത്സരങ്ങളിലും എതിരാളികളായി വന്നവർ ഒരു മത്സരമെങ്കിലും വിജയിച്ച ബോക്സർമാരോ, ജീവിതത്തിൽ ബോക്സിംഗ് ഗൗരവമായി കണ്ടിരുന്നവരോ ആയിരുന്നില്ല. എതിരാളികളിൽ ഭൂരിഭാഗത്തിനും ബോക്സിംഗ് എന്തെന്നുകൂടെ അറിയുമായിരുന്നില്ലെങ്കിലും മത്സരങ്ങൾ നിർബാധം തുടർന്നുകൊണ്ടിരിന്നു. എങ്കിലും ഇന്നത്തെ മത്സരം അയാളെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു. കാണികൾക്ക് കൗതുകം പകരുന്ന ഒരു പ്രത്യേകത ഇന്നത്തെ മത്സരത്തിനുണ്ടായിരുന്നു.
ഓരോ മത്സരം കഴിയുമ്പോഴും ഉള്ളിലെ അമർഷവും ,വേദനയും കടിച്ചമർത്തി തൻ്റെ തടവുമുറിയിലേക്കയാൾ നിസ്സഹായതയോടെ നടക്കും. ഏതാനും നിമിഷങ്ങൾക്കുമുമ്പുവരെ താൻ എതിരാളിയെ നേരിട്ട മത്സരവേദിയിലേക്ക് തിരിഞ്ഞു നോക്കുവാൻ അയാൾക്കൊരിക്കലും കഴിഞ്ഞിരുന്നില്ല. താൻ പരാജയപ്പെടുത്തിയ എതിരാളികളുടെ കണ്ണുകളിൽ മരണത്തിൻ്റെ മന്ദഹാസം അയാൾ ദർശിച്ചിരുന്നു.
തടവറയിലെത്തിപ്പെടുന്നതിനുമുമ്പ് ജീവിതത്തിൽ താൻ ഒരിക്കലും കണ്ടിട്ടില്ലാത്തവരാണ് ഓരോദിവസവും എതിരാളികളായി വന്നിരുന്നതെങ്കിലും ഓരോ മത്സരശേഷവും അയാൾ ദുഖഭരിതമായ ഹൃദയവുമായായിരുന്നു തടവറയിലേക്കുപോയിരുന്നത്. ഒരു പ്രത്യേകജനവിഭാഗത്തിൽ ജനിച്ചുപോയതുകൊണ്ടുമാത്രം ഭരണകൂടത്തിൻ്റെ വെറുപ്പിനിരയായവർ.വെറുപ്പിൻ്റെ പ്രത്യശാസ്ത്രത്തിലൂടെ അധികാരത്തിലെത്തിയപ്പോൾ ഭരണകൂടം ഉന്മൂലനത്തിൻ്റെ പ്രായോഗികശാസ്ത്രം നടപ്പിലാക്കുവാൻ നിർമ്മിച്ചെടുത്ത പീഡനക്യാംപിലെ ഒരേയൊരു ബോക്സറായിരുന്നു അയാൾ. താൻ ഓരോദിവസവും മത്സരിച്ചിരുന്നത് ഒരു അദ്ധ്യാപകനോടോ, ഡോക്ടറിനോടോ, കൃഷിക്കാരനോടോ ,ഡ്രൈവറിനോടോ ആയിരുന്നിരിക്കാം. എന്നാൽ ക്രൂരമായ ഭരണകൂടത്തിൻ്റെ പ്രത്യേകസൈനികവിഭാഗത്തിലെ പട്ടാളക്കാർ മത്സരത്തിൽ തോൽക്കുന്നയാളെ ബാക്കി എല്ലാവരുടെയും മുമ്പിൽവച്ച് കൊല്ലുക എന്ന ക്രൂരവിധിയാണ് നടപ്പിലാക്കിയിരുന്നത്. അതു കാണുന്നവരിൽ ഭീതി വർദ്ധിപ്പിക്കുക എന്ന ഉദ്ദേശവും ഇതിലുണ്ടായിരുന്നു.
ക്യാംപിലെത്തിയ ദിവസംതന്നെ താൻ ഒരു ബോക്സറാണെന്ന് മനസ്സിലാക്കിയ പട്ടാളമേധാവിയുടെ മനസ്സിലുദിച്ച പുതിയ ആശയം. ഗ്യാസ് ചേമ്പറുകൾ, മയക്കിക്കിടത്തുകപോലും ചെയ്യാതെ ജീവനോടെ മനുഷ്യരിൽ നടത്തുന്ന ശസ്ത്രക്രിയാപരീക്ഷണങ്ങൾ, അതിശൈത്യത്തിൽ മനുഷ്യശരീരം പ്രതികരിക്കുമ്പോൾ നടക്കുന്ന മരണങ്ങൾ തുടങ്ങിയ ക്രൂരവിനോദങ്ങൾക്കുപുറമേ കിട്ടിയ ഒരു പുതിയമാർഗ്ഗം. ' തൻ്റെ ഇരയുടെ മരണത്തിന് നൂതനവും ,വ്യത്യസ്തവുമായ രീതികൾ കണ്ടുപിടിച്ച് അതിൽ ആനന്ദം കണ്ടെത്തുവാൻ മറ്റൊരു മൃഗത്തിനും കഴിയുകയില്ലെന്നയാൾക്കു തോന്നി'
സ്വന്തംജീവൻ രക്ഷിക്കുവാൻ ഓരോമത്സരവും ജയിക്കുകയേ അയാൾക്കു നിവൃത്തിയുണ്ടായിരുന്നുള്ളു. എന്നാലിന്ന് എതിരാളിയായി വന്നത് തൻ്റെ സ്വന്തം സഹോദരനായിരുന്നു. ക്യാംപിലെത്തിയപ്പോൾ മുതൽ തങ്ങൾ ഒളിപ്പിച്ചുവച്ച സത്യം പട്ടാളക്കാർ കണ്ടെത്തിയപ്പോൾ അവർ വിധിച്ചത് സഹോദരങ്ങൾ തമ്മിലുള്ള മത്സരമായിരുന്നു. ബോക്സിംഗിൽ പണ്ടേ താല്പര്യമില്ലാതിരുന്ന പ്രശസ്തനായ ആ സർവ്വകലാശാലാ അദ്ധ്യാപകനെ തനിക്കുനേരിടേണ്ടിവരുമെന്നയാൾ കരുതിയിരുന്നില്ല.
അയാൾ തോറ്റുകൊടുത്താൽ എന്നന്നേക്കുമായി ഈ ക്രൂരവിനോദം ഇല്ലാതാകുമെന്നവർ സംശയിച്ചിരുന്നു. മത്സരത്തിൽ അയാൾ വിജയിച്ചാലെ ഈ ക്രൂരവിനോദം ഇനിയും തുടരുവാനാകൂ. അതിനാലാവാം മർദ്ദിച്ചവശനാക്കി എഴുന്നേറ്റുനില്ക്കുവാൻപോലും സാധിക്കാത്ത അവസ്ഥയിലാണവർ അയാളുടെ സഹോദരനെ മത്സരത്തിനെത്തിച്ചത്. മത്സരശേഷം അയാൾ കരഞ്ഞാൽ അനുജന് ഇഞ്ചിഞ്ചായുള്ള വേദനമരണമെന്ന വ്യവസ്ഥയും മുമ്പോട്ടുവച്ചതോടെ അയാൾ തകർന്നുപോയി.
മത്സരത്തിൽ ഒന്നേഴുന്നേക്കാൻ ശ്രമിച്ചപ്പോഴേ വീണുപോയ അനുജനെ മരണത്തിനു വിട്ടുകൊടുത്തുകൊണ്ടയാൾ തിരിഞ്ഞുനടന്നു. ജീവനോടെ ,അല്പം മയക്കുകപോലുംചെയ്യാതെ തൻ്റെ അനുജനെ ശസ്ത്രക്രിയചെയ്ത് ഇഞ്ചിഞ്ചായികൊല്ലുന്നത് അയാൾക്ക് അചിന്തനീയമായിരുന്നു. ഇല്ല ....അയാൾ നടന്നകലുമ്പോൾ കരയുന്നില്ല .കരയുവാൻ അയാൾക്കു കഴിയുകയില്ല. തൻ്റെ തടവറ ലക്ഷ്യമാക്കി അയാൾ നടത്തം തുടർന്നു.
:: ധനിഷ് ആൻ്റണി

Labels:



1 Response to "ബോക്സർ:: ധനിഷ് ആൻ്റണി"

  1. ഓ. എന്നാ കഷ്ടം. സങ്കടം.

Leave A Comment:

Powered by Blogger.