വിനോദയാത്ര--Dhanish antony

വിനോദയാത്ര
(ചെറുകഥ)
യാത്രയ്ക്കുവേണ്ട സാധനങ്ങൾ ഓരോന്നായി എടുത്തുവയ്ക്കുമ്പോൾ റാണിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. കല്യാണം കഴിഞ്ഞശേഷം മധുവിധു കാലത്ത് യാത്രകൾ ചെയ്തത് അവളുടെ ഓർമ്മയിൽവന്നു. തൻ്റെ ഭർത്താവ് അബ്രഹാമിന് അന്നു തന്നോട് കൂടുതൽ സ്നേഹമുണ്ടായിരുന്നതായി പലപ്പോഴും അവൾക്ക് തോന്നിയിട്ടുണ്ട്. കല്ല്യാണശേഷം വളരെയധികം ബന്ധുവീടുകളിൽ കൊണ്ടുപോയി ,പല സ്ഥലങ്ങളിലേക്ക് യാത്രചെയ്തു. കൊട്ടാരങ്ങൾ ,മ്യൂസിയങ്ങൾ, പാർക്കുകൾ, തടാകങ്ങൾ ... ഇതെല്ലാം ഇന്നലെ കഴിഞ്ഞുപോയതുപോലെ അവൾക്ക് തോന്നി.
അബ്രഹാമിന് നഗരത്തിലെ ഒരു സ്വകാര്യകമ്പനിയിലാണുദ്യോഗം. ജോലിയുമായി ബന്ധപ്പെട്ട് അബിയേട്ടൻ എപ്പോഴും തിരക്കിലായിരിക്കും. രാവിലെ ഒൻപതുമുതൽ വൈകിട്ട് അഞ്ചുവരെയാണ് ജോലിസമയം. പക്ഷേ അത് കടലാസിൽ മാത്രമായൊതുങ്ങുന്നു .രാവിലെ ഏഴിനു വീട്ടിൽനിന്നിറങ്ങിയാലേ ഒമ്പതിനു കൃത്യമായി ഓഫീസിലെത്തിച്ചേരാനാകൂ. നഗരത്തിലെ ട്രാഫിക്കിനെ തോൽപിക്കാൻ കുറച്ച് സമയം കരുതിവയ്ക്കണം. വൈകിട്ട് അഞ്ചിന് ഒരിക്കലും ഓഫീസിൽ നിന്നിറങ്ങാനായതായി റാണിയ്ക്ക് ഓർമ്മയില്ല. ജോലികൾ ഒന്നിനു പുറകേ ഒന്നായി വന്നുകൊണ്ടിരിക്കും .ഓഫിസ് വിട്ട് വീട്ടിലെത്തുമ്പോൾ രാത്രി എട്ട് അല്ലെങ്കിൽ ഒമ്പതായിട്ടുണ്ടാകും .'ജീവിതത്തിൽ ഉണർന്നിരിക്കുന്നതിൽ ഭൂരിഭാഗം സമയവും മനുഷ്യൻ ജോലിക്കായി നഷ്ടപ്പെടുത്തുകയും ,ജീവിക്കാൻ മറന്നുപോവുകയും ചെയ്യുന്നതെതുകൊണ്ടാണെന്നവൾക്ക്മനസ്സിലായില്ല '. വീട്ടിലെ ജോലികളെല്ലാം തീർത്തിട്ട് മണിക്കൂറുകൾ തന്നെയിരുന്നു മടുക്കുമ്പോൾ പഴയകാല ഓർമ്മകൾ റാണിയുടെ മനസ്സിലേക്ക് ഓടിവരും.
അബിയേട്ടൻ്റെ ജോലിത്തിരക്കു കാരണം തന്നോട് സ്നേഹം കുറഞ്ഞുപോയതെന്ന് തനിക്കു തോന്നുന്നതുമാത്രമാണെന്ന് റാണിക്കുമറിയാം.'എന്തൊക്കെ കാരണങ്ങളുണ്ടെങ്കിലും അത് പരിപൂർണ്ണമായി ബോധ്യപ്പെട്ടാലും , ആ വിശ്വാസങ്ങളൊന്നും സ്നേഹത്തിനു പകരമാവില്ല' .സ്നേഹം നഷ്ടപ്പെടുന്നതും,അത് ലഭിക്കുന്ന സമയം കുറയുന്നതൊക്കെയും തന്നെപ്പോലുള്ള ഒരു വീട്ടമ്മയ്ക്ക് നികത്താനാവാത്ത നഷ്ടം തന്നെയാണെന്നവൾക്ക് തോന്നി. 
അങ്ങനെയിരിക്കുമ്പോഴാണ് റാണിക്കു സന്തോഷം പകർന്നുകൊണ്ട് ജോയിമോൻ കടന്നുവരുന്നത്. തനിക്കെപ്പോഴും കണ്ടുകൊണ്ടിരിക്കുവാനും ,കൊഞ്ചിക്കുവാനും ,സ്നേഹിക്കുവാനുമായി കിട്ടിയ മകനെയോർത്ത് അവൾ വളരെയധികം സന്തോഷിച്ചു. ജോയി മോൻ ഇപ്പോൾ ഒന്നാം ക്ലാസിൽ പോകുന്നുണ്ട്. അഞ്ചാറുവർഷത്തെ വിരസതയിൽ നിന്നും റാണിയെ മാറ്റി നിർത്തിയത് ജോയിമോനാണ്.
ജോയിമോൻ്റെ അവധിക്കാലത്തെങ്കിലും ഒരു വിനോദയാത്രയ്ക്ക് പോകണമെന്ന് റാണി നിരന്തരം പറയുന്നത് അവസാനം അബ്രഹാം സമ്മതിച്ചു .റാണിക്കും ,ജോയിമോനും വളരെയധികം സന്തോഷമായി. യാത്രയ്ക്കായുള്ള എല്ലാം തയ്യാറായിക്കഴിഞ്ഞപ്പോൾ അവൾ ഉറങ്ങാനായി കിടന്നു. എത്രയും പെട്ടെന്ന് രാവിലെയായിരുന്നുവെങ്കിൽ ...റാണിയും ,ജോയിമോനും മനസ്സിലാശിച്ചു. 
രാവിലെ കാറിൽക്കയറി സന്തോഷത്തോടെ യാത്രചെയ്യുന്ന അവരെ കണ്ടപ്പോൾ ആബ്രഹാമിനും സന്തോഷമായി. ഇത്തരം ചെറുയാത്രകൾ പോലും രണ്ടുപേർക്കും എത്ര സന്തോഷമാണ് നൽകുന്നതെന്നോർത്തപ്പോൾ അയാൾക്കത്ഭുതം തോന്നി. അവരുടെ ലക്ഷ്യസ്ഥാനത്ത് കാർ നിർത്തി. ജോയിമോനു ഐസ്ക്രീം വേണം ,ബലൂൺ വേണം .'കുട്ടികളുടെ ലോകത്ത് നിറങ്ങളും ,മധുരവും മാത്രമേയുള്ളുവെന്ന്' റാണിക്ക് തോന്നി.
കണ്ടൽക്കാടുകൾ നിറഞ്ഞ പ്രദേശത്ത് കയറിക്കിടക്കുന്ന ജലാശയം, മനോഹരകാഴ്ചകൾ കണ്ടുകൊണ്ട് അതിലൂടെയുള്ള ബോട്ടുയാത്ര .ഇതാണ് ആ പ്രദേശത്തെ പ്രധാന ആകർഷണം. ഒരു ചെറിയ വഞ്ചിയിൽകയറി അവർ യാത്ര തുടങ്ങി. പച്ചപിടിച്ച കണ്ടൽക്കാടുകളും , വഞ്ചി അരുകിലെത്തുമ്പോൾ പറന്നു പോകുന്ന കിളികളും ജോയിമോനെ ആവേശം കൊള്ളിച്ചു. അടുക്കളക്കും ,വീടിനുപുറത്തുമുള്ള ലോകത്തിൽ എത്തിയ റാണിക്കും അത് വലിയ സന്തോഷം നൽകി.ഏറെനാളുകൾക്കു ശേഷമാണ് റാണിയും ,മോനും ഇത്രയും സന്തോഷിച്ചുകാണുന്നത്. താൻ എന്തുകൊണ്ട് ഇതിനുമുമ്പ് ഇത്തരമൊരു യാത്രയെപ്പറ്റി
ചിന്തിച്ചില്ല എന്നയാൾ ഓർത്തു. 'ജീവിതത്തിലെ തിരക്കിനിടയിൽ ഇത്തരം ചെറിയ ചെറിയ സന്തോഷങ്ങൾ താൻ കൈവിടുകയാണെന്നയാൾ വിചാരിച്ചു '.
പെട്ടെന്ന് വഞ്ചിയാകെ കുലുങ്ങുന്നതായിഅയാൾക്ക്തോന്നി. ചെറിയ വഞ്ചിയിൽ കുലുക്കമുണ്ടാകും ,എന്നാൽ വഞ്ചിയാകെ ഉലയുകയാണ്. റാണിയുടെ കരച്ചിലും ,ബഹളവുമാണ് കേൾക്കുന്നത് .ഇപ്പോൾ വഞ്ചി പുറകോട്ടാണ് നീങ്ങുന്നത് .അയാൾക്കൊന്നും മനസ്സിലായില്ല.
" അബിയേട്ടാ ,നമ്മുടെ മോൻ ''
റാണി കരഞ്ഞുകൊണ്ട് പറയുകയാണ് .
വഞ്ചിയുടെ അരുകിലിരുന്ന ജോയിമോൻ്റെ കൈ വെള്ളത്തിനടിയിലാണ് .കലങ്ങി മറിഞ്ഞ് ചെളിവെള്ളംനിറഞ്ഞ ജലാശയത്തിൽ വഞ്ചിക്ക് സമീപം ചുവന്നനിറം പ്രത്യക്ഷപ്പെടുവാൻ തുടങ്ങി. റാണി ജോയിമോനെ പിടിച്ചു വലിക്കുകയാണ്. അവൻ്റെ കൈ മാത്രമേ വഞ്ചിക്കു പുറത്തുള്ളൂ.എന്നാൽ അതു വിടുവിക്കുവാൻ അവൾക്കാവുന്നില്ല. അബ്രഹാം ഓടിച്ചെന്ന് ജോയി മോനെ ശക്തിയായി പിടിച്ചുവലിച്ചു.അവൻ വേദന കൊണ്ട് കരയുകയാണ്. എന്തിലോ കൈയുടക്കി നിൽക്കുകയാണ്. വഞ്ചി പിന്നെയും പിറകോട്ട് നീങ്ങുകയാണ്. വഞ്ചിക്കാരനുംകൂടെ ചേർന്നു ജോയിമോൻ്റെ കൈപിറകോട്ടു വലിച്ചു. അപ്പോഴാണവർ ഭീകരമായ ആ കാഴ്ച കണ്ടത്ത് .
ഒരു നിമിഷത്തേക്ക് അവർക്കാർക്കും അതു വിശ്വസിക്കാനായില്ല. ജോയിമോൻ്റെ കൈമുട്ടുവരെ ഒരു വലിയ മുതലയുടെ വായയ്ക്കുള്ളിലാണ്. മോൻ്റെ കൈകളിലൂടെ ചോരവാർന്നൊഴുകുന്നു .മുതല വഞ്ചിയാകെ പുറകോട്ടു വലിക്കുകയാണ് .മുതലയുടെ പിടുത്തം കൂടുതൽ കയറിവരുന്നു. ജോയിമോൻ്റെ മുഴുവൻകൈയും മുതലയുടെ വായ്ക്കകത്തായിരിക്കുന്നു.
മുതല വഞ്ചിയുടെ അരികിലൂടെ വഞ്ചിക്കകത്തേക്ക് കയറാൻ ശ്രമിക്കുകകയാണ്.വഞ്ചിക്കാരൻ തുഴകൊണ്ട് മുതലയെ അടിക്കുന്നുണ്ട് .അയാളുടെ ശക്തിയേറിയ അടിയിൽ തുഴ രണ്ടായി മുറിഞ്ഞതല്ലാതെ മുതല പിടിവിടുകയുണ്ടായില്ല. മുതല വഞ്ചിയിലേക്ക് കയറുവാൻ ശ്രമിക്കുന്നതുകണ്ട വഞ്ചിക്കാരൻ പറഞ്ഞു.
"സാർ, ഇനി രക്ഷയില്ല. വഞ്ചിയാകെ മുക്കുവാൻതക്ക വലുതാണ് മുതല .എത്രയും പെട്ടെന്ന് കരയ്ക്കെത്തണം ,തുഴ പോലുമില്ല .ആ കുട്ടിയെ വിട്ടുകളയുന്നതാണ് നല്ലത്. നമുക്കവനെ രക്ഷിക്കാനാവില്ല .മാത്രമല്ല മുതല വഞ്ചിമുക്കുകയും ,നമ്മൾ കൂടി മരിക്കുകയും ചെയ്യും ".
അപ്പോൾ ഒടിഞ്ഞ തുഴ വഞ്ചിക്കാരനിൽനിന്നും വാങ്ങി അബ്രഹാം മുതലയുടെ നേർക്കടിച്ചു. എന്നാൽ ഒരു പ്രയോജനവുമുണ്ടായില്ല. വഞ്ചിയുലഞ്ഞ കൂട്ടത്തിൽ ആ തുഴ കൈയിൽ നിന്നു വെള്ളത്തിൽ വീണു. പെട്ടെന്ന് വഞ്ചിക്കാരൻ ജോയിമോനെ വഞ്ചിയിൽ നിന്നും തള്ളാൻ തുടങ്ങി.തങ്ങളുടെ മോനെ തള്ളിയിടാനാണയാൾശ്രമിക്കുന്നതെന്നറിഞ്ഞപ്പോൾ അബ്രഹാമും, റാണിയും അയാളെ തടയാൻ ശ്രമിച്ചു.
" വേറെ നിവൃത്തിയില്ല സാർ ,ഇത് വലിയ മുതലയാണ് .വഞ്ചി ഇപ്പോൾ മറിയും .മാത്രമല്ല ചോരയുടെ മണം പിടിച്ച് മറ്റ്മുതലകൾ വരാനും സാദ്ധ്യതയുണ്ട്. " വഞ്ചിക്കാരൻ അവരെ ചെറുത്തുനിർത്തി പറഞ്ഞു.
"എൻ്റെ മോൻ ....എനിക്കവനെ വേണം ,അബിയേട്ടാ...അവനെ തിരിച്ചുവേണം... " റാണിയുടെ കരച്ചിലിൽ വാക്കുകൾ മുഴുമിക്കാനായില്ല. റാണി ജോയിമോനെ രക്ഷിക്കുവാൻ ശ്രമിക്കുന്നതിനിടെ വഞ്ചിക്കാരൻ്റെമേലും മുതലയുടെ കൈകൾ അള്ളിപിടിക്കുവാനാരംഭിച്ചു. അയാൾ അതിൽ നിന്നും രക്ഷപെടുവാൻ ശ്രമം തുടങ്ങി. ഭീകരമായ യാഥാർത്ഥ്യം അബ്രഹാം തിരിച്ചറിഞ്ഞു. തനിക്കു മുമ്പിൽ വന്നിരിക്കുന്നത് ഏതാനും നിമിഷങ്ങൾക്കുള്ളിൽ തീരുമാനിക്കേണ്ടവലിയൊരു ദുഖസമസ്യയാണ്. ഒന്നുകിൽ എല്ലാവരും വഞ്ചിമറിഞ്ഞ് മരണത്തിൻ്റെ ഭീകരതയുമായി ബലപരീക്ഷണം നടത്തുക .അല്ലെങ്കിൽ തൻ്റെ മകനെ മരണത്തിന് വിട്ടുകൊടുത്തുകൊണ്ട് റാണിയേയെങ്കിലുംരക്ഷപെടുത്തുക. ചിന്തിക്കുവാനൊന്നും സമയമില്ലതാനും. അബ്രഹാം റാണിയെ ബലമായി പിടിച്ചുനിർത്തി.മുതലയുടെ അള്ളിപ്പിടുത്തത്തിൽ നിന്ന് രക്ഷപെടാൻ വഞ്ചിക്കാരനു സാധിച്ചു.
വഞ്ചിക്കാരൻ തൻ്റെ നിസഹായാവസ്ഥ പറയുന്നതു പോലെ അബ്രഹാമിനു നേരെ നോക്കി.അബ്രഹാമിൻ്റെ മുഖത്തേക്ക് ഒന്നുകൂടെ നോക്കാൻ ധൈര്യമില്ലെന്നോണം അയാൾ ജോയിമോൻ്റെ മേലുള്ള പിടിവിട്ടു. വഞ്ചിയാകെയുലച്ചുകൊണ്ട് ജോയിമോനുമായി മുതല വെള്ളത്തിനടിയിൽ അപ്രത്യക്ഷമായി.തൻ്റെ കൺമുമ്പിൽ കണ്ടത് വിശ്വസിക്കാനാവാതെ റാണി തളർന്നുവീണു.കരയുവാൻപോലും അശക്തയായതിനാലാവാം അവളുടെ ശബ്ദം പുറത്തുവന്നില്ല.

മൂന്നാഴ്ചകൾക്കപ്പുറം പള്ളിസെമിത്തേരിയിൽ നിന്നു വരികയായിരുന്ന അബ്രഹാമിനേയും, റാണിയേയും കണ്ട പുരോഹിതൻ അവരെ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു " ജോയിമോൻ സ്വർഗ്ഗത്തിൽ ദൈവത്തിനോടൊപ്പമിരിപ്പുണ്ടാകും റാണീ ,നീ ദു:ഖിക്കാതിരിക്കുക. ഇനിയുമൊരു മാലാഖക്കുഞ്ഞിനെ സർവശക്തൻ നിങ്ങൾക്ക് നൽകാതിരിക്കുകയില്ല"
"ഇനി ഒരു മകൻ ഉണ്ടായാൽക്കൂടി അത് ജോയിമോനാകുമോ അച്ചോ? അവനു പകരമാകുമോ?അവനെ നഷടപ്പെട്ടത് നഷ്ടമായി എന്നും നിലനിൽക്കും .സ്വന്തം മകനെ രക്ഷിക്കാനാവാതെ കൺമുമ്പിൽ അവനെ മരണത്തിന് വിട്ടുകൊടുക്കേണ്ടിവന്ന ശപിക്കപ്പെട്ട അമ്മയാണ് ഞാൻ " വാക്കുകൾ മുഴുമിക്കാനാവാതെ അവൾ അബ്രഹാമിൻ്റെ തോളിലേക്കുവീണു.
ജോയിമോനോടൊപ്പം വെള്ളത്തിലേക്ക്എടുത്തുചാടാൻ തുടങ്ങിയ റാണിയെ മുറുകെപ്പിടിച്ച് തടഞ്ഞ അബ്രഹാമിന് അവളുടെ മനസ്സിലെ നീറുന്ന വേദന മനസിലാകും. ഭാര്യയുടെയെങ്കിലും ജീവൻ രക്ഷിക്കാൻ മനസില്ലാമനസോടെ മകനെ മരണത്തിന് വിട്ടുകൊടുക്കേണ്ടി വന്നതിൽ കുറ്റബോധം പേറുന്ന അയാളുടെ മനസ്സാരും കണ്ടില്ല. അതെ 'നഷ്ടങ്ങൾ എന്നും നഷ്ടങ്ങൾ തന്നെയാണ് .ആർക്കും പകരമാവാൻ ഒരാൾക്കുമാവില്ല. ശ്രേഷ്ഠമായ മറ്റൊരാൾ വന്നാലും നഷ്ടങ്ങൾ സ്ഥിരമാണ് ,അത് മാറ്റാനാവില്ല '.അവർ വീടു ലക്ഷ്യമാക്കി നടന്നുനീങ്ങി. മറ്റൊരു വഴിയും അവർക്കു മുമ്പിൽ ഉണ്ടായിരുന്നില്ല.

:: ധനിഷ് ആൻ്റണി

അയ്യോ--Abhiram Vasudev

അയ്യോ
=====================================
നെറ്റിയിലെ ഉന്തി നിൽക്കുന്ന മുഴയിലേക്കായിരുന്നു എന്റെ ശ്രദ്ധ മുഴുവൻ.ഒന്നല്പം മാറിയാണ് കൊണ്ടിരുന്നതെങ്കിൽ ഇന്നീ മുഴയുടെ സ്ഥാനത്ത് വിനുവിന്റെ ഒരു കണ്ണ് നഷ്ടപ്പെടുമായിരുന്നു.കണ്ണിൽ കൊള്ളേണ്ടത് പുരികത്ത് കൊണ്ടു എന്ന് പഴമക്കാർ പറയുന്നതെത്രയോ ശരി.റോഡ് നിയമങ്ങൾ ഉണ്ടാക്കി വച്ചിരിക്കുന്നത് പാലിക്കാൻ വേണ്ടിയാണ്.അല്ലാതെ നല്ല സുന്ദരികൾ എന്റെ മുഖം കാണട്ടെ എന്ന് വിചാരിച് ഹെൽമെറ്റ് വയ്ക്കാതെ ബൈക്ക് ഓടിച്ചോണ്ട് പോയാൽ ഇങ്ങനെ പലയേറും കിട്ടിയെന്നിരിക്കും.പ്രത്യേകിച്ചും മുതലകൊടം പള്ളിയുടെ ഭണ്ഡാരകുറ്റിയുടെ മുന്നിലൂടെ പോകുമ്പോൾ.അത്യാവശ്യം നല്ല തിരക്കുള്ള സ്‌റ്റോപ്പിന്നടുത്തായിരുന്നു മുതലകൊടം മുത്തപ്പന്റെ പള്ളിയും ഭണ്ഡാരകുറ്റിയുംസ്ഥിതിചെയ്യുന്നത്.ഞങ്ങൾ തൊടുപുഴകാർക്ക് ജാതിമത ഭേദമന്യേ മുതലകൊടം മുത്തപ്പനും ആ പള്ളിയും നല്ല വിശ്വാസമാണ്.ആയതിനാൽ ആ വഴി പോകുമ്പോൾ ഒരു വിശ്വാസിയും ഒന്ന് വണങ്ങാതെയും നേർച്ചയിടാതെയും കടന്ന് പോകുന്നത് വിരളമാണ്.അതിപ്പോൾ ബസ് യാത്രകാരനായാലും കാർ യാത്രകാരനായാലുംബൈക്ക് യാത്രകാരനായാലും കാൽ നടകാരനായാലും മുത്തപ്പനുള്ള നടവരവ് ഭണ്ഡാരത്തിലേക്ക് വലിച്ചെറിഞ്ഞുകൊണ്ടേയിരിക്കും.ചില ബസുകൾ വന്ന് സ്റ്റോപ്പിൽ നിർത്തുമ്പോൾ കേൾക്കാം ചിലപിൽച്ചിൽ എന്ന ചില്ലറപൈസകൾ റോഡിലേക്ക് വലിച്ചെറിയുന്ന ശബ്ദം.അങ്ങനെ തെറിച്ചു റോഡിൽ വീഴുന്ന പൈസകൾ ഒരെണ്ണവും നഷ്ടപ്പെടാതിരിക്കാൻ നീളത്തിലുള്ള വടിക്കറ്റത്ത് കാന്തം വച്ചുകെട്ടി കാക്കി വസ്ത്രവും ധരിപ്പിച് ഒരു വയസ്സായ വെല്ലുപ്പനെ ശമ്പളത്തിൽ നിർത്തിയിട്ടുണ്ട് പള്ളിക്കാർ.അദ്ദേഹമാണെങ്കിൽ വെയിലെന്നോ മഴയെന്നോയില്ലാതെ ഓരോ വണ്ടികൾ കടന്ന് പോകുമ്പോൾ കാന്തം പിടിപ്പിച്ച വടിയും കുത്തിപിടിച് റോഡിലേക്കിറങ്ങും.കടന്നുപോയ വണ്ടികളിൽ ഇരിക്കുന്ന ഓരോ വിശ്വാസികളുടെയും പരാതികളും പരിഭവങ്ങളുമായിരുന്നു ആ റോഡിൽ ചിതറി കിടക്കുന്നത്.പരാതികളെല്ലാം പെറുക്കിയെടുത്ത് മുത്തപ്പന്റെ ഭണ്ഡാരത്തിലേക്കയക്കുന്ന ഒരു ഇടനിലകാരനായിരുന്നു ആ വെല്ലുപ്പൻ.

തൊട്ടപ്പുറത്തായി യാചക നിരോധിത മേഖല എന്നെഴുതിയ ബോർഡ് കാണുമ്പോൾ ഉള്ളിൽ ചിരിവരും.

കുറെ കോളേജ് പിള്ളേരെയും മറ്റു യാത്രക്കാരെയും കുത്തിനിറച്ചുകൊണ്ട് പഞ്ചമി ബസ് ചീറിപ്പാഞ്ഞു വരുന്നുണ്ട്.അത് മുത്തപ്പന്റെ ഭണ്ഡാരകുറ്റിക്കരികിലായി വന്നു നിന്നപ്പോൾ പരാതികളുടെയും പരിഭവങ്ങളുടെയും ചില്ലറകൾ റോഡിലേക്ക് പതിഞ്ഞെങ്കിലും ചിലരുടെ ചില്ലറകൾ ഉരുണ്ടുരുണ്ട് അഴുക്കുചാലിലേക്കാണ് പതിച്ചത്.അതൊന്നും സാരമില്ലാന്നെ മുത്തപ്പനുള്ളത് ഞാൻ വലിച്ചെറിഞ്ഞിട്ടുണ്ട് പറഞ്ഞകാര്യമങ്ങു നടത്തി തന്നാൽ മതി.
ആ സ്റ്റോപ്പിൽ നിന്നും ആൾക്കാരെയെല്ലാം കയറ്റി കിളി മണിയടിച്ചപ്പോൾ പഞ്ചമി ബസ് പതിയെ മുന്നോട്ടുരുളാൻ തുടങ്ങി.പെട്ടന്നായിരുന്നു ബസ്സിന്റെ മുൻസീറ്റിൽ നിന്നും വെളുത്തുമെലിഞ്ഞകുപ്പിവളയിട്ട കൈ പുറത്തേക്കുയരുന്നത് കണ്ടത്. പഞ്ചമി ബസ്സിന്റെ എതിർ ദിശയിൽ നിന്നും വിനുവും തന്റെ ബൈക്കും ചീറിപാഞ്ഞു വരുന്നുണ്ടായിരുന്നു.സ്വാഭാവികമായും ബസ്സിനുള്ളിലിരിക്കുന്ന കളറിട്ട കിളികളെ കണ്ടതിനാലായിരിക്കാം വിനുവിന്റെ വലതു കൈയുടെ പിരിയൊന്ന് കൂടിയത്.ആ പിരി കുപ്പിവളയിട്ട മെലിഞ്ഞ കൈയിൽ നിന്നും അന്തരീക്ഷത്തിൽ പറന്നുനിന്ന അഞ്ചു രൂപ തുട്ടിനെ വിനു തന്റെ തിരു നെറ്റികൊണ്ട് തട്ടിത്തെറിപ്പിച് നീങ്ങിയപ്പോൾ ഒരേയൊരു ശബ്ദമേ അവിടെ ഉണ്ടായിട്ടുള്ളൂ.അത് വിനുവിന്റെ വായിൽ നിന്നും അറിയാതെ ഉയർന്ന അയ്യോ എന്ന വിളിയായിരുന്നു.
എതിർദിശയാൽ കിട്ടിയ ഏറും കടുത്ത വേദനയും നല്ല ഗമയിൽ ചെത്തിവന്ന വിനുവിനെ അവിടെയെങ്ങും നിർത്താതെ ഇങ്ങിവിടെ കണ്ണാടിക്കുമുന്നിൽ എത്തിച്ചത് ആ കുപ്പിവളയിട്ട വെളുത്ത കൈകളാണെന്ന് അവർക്കറിയില്ലല്ലോ മുത്തപ്പാ......

Abhiram Vasudev

അണയാത്ത തീജ്വാല ****************

അണയാത്ത തീജ്വാല
****************
"മോളെ എന്നെ ഒന്നു ഉമ്മറത്തേക് കൊണ്ടിരിത്താമോ.."
ഇടിഞ്ഞു വീഴാറായ ഓടിട്ടവീട്ടിലെ ചായ്പ്പിൽ കട്ടിലിൽ കിടന്ന് അയാൾ പതറിയ ശബ്ദത്തിൽ മകന്റെ ഭാര്യയോട് പറഞ്ഞു. 
"കിളവന് അടങ്ങി ഒരിടത്തിരുന്നുകൂടെ... രാവിലെതന്നെ ശല്യം ചെയ്യാൻ ആയിട്ട്.." അയാൾ പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്..
ആ ദ്രവിച്ചകാട്ടിൽ നിന്നും അയാൾ താഴേക്കു ഇറങ്ങാൻ ശ്രമിച്ചു. മുറിച്ചുമാറ്റിയ കാലുകളുടെ നീളക്കുറവ് കൊണ്ട് കട്ടിലിന്റെ ഉയരം അയാളെ മുറിവുകളോടെ താഴേക്ക് തള്ളിയിട്ടു.
വേദന മാനിക്കാതെ അയാൾ ഇഴഞ്ഞു നീങ്ങി.. പൂമുഖത്തേക് എത്താനുള്ള സമയദൈർഗ്യം അയാളിൽ ഒരു അസ്വസ്ഥതയും ഉണ്ടാക്കിയില്ല..പൂമുഖത്തെ തൂണിൽ അയാൾ ചാരിയിരുന്നു. നരവീണ മീശ പിരിച്ചുമുകളിലേക് വച്ചു. അറ്റുപോയകാലിന്റെ അഗ്രത്തിൽ തൊട്ടുകൊണ്ട് അയാൾ കണ്ണടച്ചിരുന്നു.
 കടുത്തവേനൽചൂട് അയാളിൽ കശ്മീരിലെ കൊടുംതണുപ്പ് പോലെ തോന്നിച്ചു. കഴിഞ്ഞുപോയകാലത്തിന്റെ ഓർമ്മകൾ അയാളുടെ മനസിനെ യുവത്വത്തിലേക് എത്തിച്ചു.
"ശേഖർ സാബ് ......." ദൂരെനിന്നും തന്റെ കൂടെയുള്ള ജവാന്റെ നിലവിളി അയാളെ കർമനിരതനാക്കി. കശ്‍മീർ അതിർത്തിയിലെ മഞ്ഞിൽ മൂടിയ ബങ്കറിൽ നിന്നും ആയാൾ ആയുധത്തോടെ പുറത്തേക്കിറങ്ങി. കണ്ണുകൾ ഇരുട്ടിൽ പരതി.. രക്തത്തിൽ കുളിച്ചുകിടക്കുന്ന ജവാനെ അയാൾ കണ്ടു. പിടയുന്ന ശരീരത്തിൽ ജീവന്റെ കണിക അകന്നുപോകുന്നത് നിസഹായനായി നോക്കിനിക്കാനേ കഴിഞ്ഞുള്ളു.
കണ്ണടച്ചുതുറക്കുന്നവേഗത്തിൽ അയാളെ തീവ്രവാതികൾ വളഞ്ഞു കഴിഞ്ഞിരുന്നു. കൈയിലെ ആയുധങ്ങൾ അവർ ബലമായി പിടിച്ചുവാങ്ങി ശക്തിമായി മർദിച്ചു. കൺപോളകൾ തുറക്കാൻ കഴിയാത്തവിധം അവശനാക്കി. ശരീരത്തിലെ മുറികളിലൂടെ രക്തം ഒഴുകികൊണ്ടേയിരുന്നു. കഴുത്തിൽ തോക്കിൻകുഴൽ അമർത്തി അവർ പറഞ്ഞു
"ബോൽ സാലെ ഇന്ത്യ മുർത്താബാദ്...... "
മൗനം തീർത്ത പുഞ്ചിരിയാൽ അയാൾ മറുപടികൊടുത്തു.രണ്ടു കൽമുട്ടിലും മാറിമാറി വെടിഉതിർത്തു. വേദന അയാളിൽ രാജ്യസ്നേഹം കൂട്ടികൊണ്ടേ ഇരുന്നു.
കൈയിൽ കിട്ടിയ ഗ്രാനയ്‌ഡ്‌ ലോക്ക് വിച്ഛേദിച്ചു നെഞ്ചിൽ പിടിച്ചുകൊണ്ട് ഉറക്കെ പറഞ്ഞു..
ഭാരത് മാതാകി ജയ്......... ചുറ്റുംകൂടിയവർ ഓടി മാറാൻ നോക്കി. തളർച്ചയോടെ അയാൾ അത് അവർക് നേരെ എറിഞ്ഞു. ചിന്നിച്ചിതറിയ പാകിസ്താനി തീവ്രവാദികളുടെ മാംസകഷ്ണങ്ങൾ നോക്കി അയാൾ ദീർഘശ്വസം എടുത്തു.
ഓർമ്മകൾ അയാളിൽ വല്ലാത്തൊരു ആവേശം ജനിപ്പിച്ചു..അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു..
"ഭാരത് മാതാകി ജയ്"
അണയാത്ത രാജ്യസ്നേഹം അയാളുടെ ശബ്ദത്തെ ഉച്ചത്തിലാക്കി..
"ഓ ഒരു ഭാരത് മാതാകി ജയ്.... സ്വന്തം ജീവിതം ഇങ്ങനെയായി എന്നിട്ടും മകനെ പട്ടാളത്തിൽ ചേർത്തിയ തന്ത.."
മരുമകളുടെ വാക്കുകൾ അയാളെ ഓർമകളിൽ നിന്നും ഉണർത്തി...അപ്പോഴും ആ മുഖത്ത് പുഞ്ചിരി വിരിഞ്ഞു നിന്നു...
ജിതി
ഹോട്ടലിലെ ചേട്ടന്‍ ഇല വെച്ച് ചോര്‍ വിളംമ്പാനായ് തുടങ്ങുമ്പോള്‍ അയാള്‍ ചോദിച്ചു... എത്രയാ ഊണിനു?
ചേട്ടന്‍ മറുപടി പറഞ്ഞു.. മീന്‍ അടക്കം 50 രൂപ മീന്‍ഇല്ലാതെ 30രൂപ..
അയാള്‍ തന്റെ മുഷിഞ്ഞ പോക്കെറ്റില്‍ നിന്നും തപ്പിയെടുത്ത 10 രൂപ ചേട്ടന് നേരേ നീട്ടി കൊണ്ട് പറഞ്ഞു..
"ഇതേ ഉള്ളു എന്റ കയ്യില്‍.. അതിനുള്ളത് തന്നാല്‍ മതീ.. വെറും ചോറായാലും കുഴപ്പമില്ല.. വിശപ്പ്‌ മാറിയാല്‍ മതീ .. ഇന്നലെ ഉച്ചക്ക് മുതല്‍ ഒന്നും കഴിച്ചിട്ടില്ല... " അത് പറയുമ്പോഴേക്കും അയാളുടെ വാക്കുകള്‍ ഇടറിയിരുന്നു..
ഹോട്ടലിലെ ചേട്ടന്‍ മീന്‍ അല്ലാത്ത എല്ലാം അയാള്‍ക്ക് വിളമ്പി...
ഞാന്‍ അയാള്‍ കഴിക്കുന്നത് നോക്കി ഇരുന്നു... അയാളുടെ കണ്ണില്‍ നിന്നും കണ്ണ് നീര്‍ ചെറുതായ് പൊടിയുന്നുണ്ടായിരുന്നു..അത് തുടച്ചു കൊണ്ട് കൊച്ചു കുട്ടിയെ പോലെ അയാള്‍ പതുക്കെ കഴിക്കുന്നത് കണ്ടപ്പോള്‍ അടുത്തിരുന്ന ആള്‍ ചോദിച്ചു... എന്തിനാ കരയുന്നത്?
അയാള്‍ ചോദിച്ച ആളുടെ മുഖത്തേക്ക് നോക്കി കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു ... എന്റെ കഴിഞ്ഞു പോയ ജീവിതം ഓര്‍ത്തു കരഞ്ഞു പോയതാ.. മൂന്നു മക്കളാ എനിക്ക് 2 ആണും1 പെണ്ണും.. മൂന്നു പേര്‍ക്കും നല്ല ജോലിയുണ്ട്... എനിക്ക് കിട്ടാതെ പോയ എല്ലാ സൌഭാഗ്യങ്ങളും ഞാന്‍ അവര്‍ക്ക് നല്‍കി... അതിനായ് ഞാന്‍ നഷ്ടപെടുത്തിയത് എന്റ്റെ യവ്വ നമായിരുന്നു... 28 വര്‍ഷത്തെ പ്രവാസ ജീവിതം.....
എല്ലാത്തിനും എനിക്ക് താങ്ങായിരുന്ന അവള്‍ നേരത്തെ എന്നേ തനിച്ചാക്കി അങ്ങ് പോയ്‌.... വീട് ഭാഗം വെക്കും വരെ എന്നെ വലിയ കാര്യമായിരുന്നു മക്കള്‍ക്കും മരു മക്കള്‍ക്കും... ഭാഗം വെക്കല്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു ഭാരമാകാന്‍ തുടങ്ങി ... തൊട്ടതിനും പിടിച്ചതിനും എന്നെ കുറ്റപെടുത്തും.. ഞാന്‍ ഒരു വയസ്സനല്ലേ ആ പരിഗണന തന്നു കൂടെ??? തന്നില്ല... അവര്‍ എല്ലാവരും ഉണ്ടിട്ടെ ഞാന്‍ ഉണ്ണാന്‍ ഇരിക്കൂ.. എന്നാലും ഞാന്‍ കേള്‍ക്കെ കുറ്റം പറയും.. ഭക്ഷണമെല്ലാം കണ്ണ്‍ നീര്‍ വീണു ഉപ്പുരസമായിട്ടുണ്ടാകും കഴിക്കുമ്പോള്‍.. പേര കുട്ടികള്‍ വരെ എന്നോട് മിണ്ടാന്‍ വരില്ല... കാരണം മിണ്ടുന്നത് കണ്ടാല്‍ മക്കള്‍ അവരോട് ദേശ്യപെടും... എപ്പോഴും അവര്‍ പറയും എങ്ങോട്ടങ്ങിലും ഇറങ്ങി പോയ്കൂടെ എന്ന്... മരുഭൂമിയില്‍ ചോര നീരാക്കി ഉണ്ടാക്കിയ കാശില്‍ ഉണ്ണാതെയും ഉറങ്ങാതെയും ഞാനും അവളും മിച്ചം വെച്ച കാശ് കൊണ്ട് ഉണ്ടാക്കിയ വീടാ.. അവളുടെ ഓര്‍മകള്‍ ഉറങ്ങി കിടക്കുന്നത് ആ വീട്ടിലാണ്.. ഇട്ടു പോകാന്‍ മനസ്സ് സമ്മതിച്ചിരുന്നില്ല.. പക്ഷെ ഇന്നലെ ഇറങ്ങി പോന്നു... മരുമകളുടെ മാല ഞാന്‍ മോഷ്ടിച്ചന്നു പറഞ്ഞു മകന്‍ എന്നോട് ചൂടായി.. തല്ലിയില്ല എന്നെ ഉള്ളു.. പക്ഷെ ഇനിയും അവിടെ നിന്നാല്‍ അതും ഉണ്ടാകും. "അച്ഛനെ തല്ലിയ മകന്‍ " എന്ന പേര് ദോഷം അവനു ഉണ്ടാകെണ്ടല്ലോ ... മരിക്കാന്‍ ഭയമില്ല... അല്ലങ്കിലും ഇനി ആര്‍ക്കു വേണ്ടിയാ ജീവിക്കേണ്ടത്!
അയാള്‍ ഭക്ഷണം മുഴുവനായ് കഴിക്കാതെ എണീറ്റ്ു ... തന്റെ കയ്യിലെ പത്തു രൂപ ചേട്ടന് നേരേ നീട്ടി.
ചേട്ടന്‍ പറഞ്ഞു വേണ്ട കയ്യില്‍ വെച്ച് കൊള്ളു... എപ്പോള്‍ വേണമെങ്കിലും ഇങ്ങോട്ട് വരാം... നിങ്ങള്‍ക്കുള്ള ഭക്ഷണം ഇവിടെ ഉണ്ടാകും..
പക്ഷെ അയാള്‍ ആ പത്തു രൂപ അവിടെ വെച്ച് കൊണ്ട് പറഞ്ഞു .... നന്ദിയുണ്ട് നിങ്ങളുടെ നല്ല മനസ്സിന്.... വെറുതെ കഴിച്ചു പരിചയമില്ല... ഒന്നും കരുതരുത്.... വരട്ടെ ഇനിയും കാണാം എന്നും പറഞ്ഞു അയാളുടെ ഭാണ്ഡം എടുത്ത് എങ്ങോട്ടെന്നില്ലാതെ അയാള്‍ നടന്നു പോയ്‌...
അയാള്‍ എന്റെ മനസ്സിന് തന്ന മുറിവ് ഇപ്പോഴും മാറിയിട്ടില്ല....
എന്താണ് എല്ലാ പച്ചിലയും ഒരിക്കല്‍ പഴുക്കുമെന്നു ആരുo ചിന്തിക്കാത്തത്???
വേണ്ടിയതും വേണ്ടാത്തതും അയച്ച് MB തീർക്കുമ്പോഴും ഇങ്ങനെ ഒരു പോസ്റ്റ് ഷെയർ ചെയ്താൽ നന്നായിരുന്നു. ആർകെങ്കിലും ഉപകാരപ്പെടട്ടെ. . .

WRITTEN BY

അമ്മയുടെ കണ്ണുകൾ
(Short story:based on a real incident)
​​​​ അയൽപക്കത്തെ കോഴി കൂവുന്നത് കേട്ടാണ് ഗംഗ ഉണർന്നത്.അതിരാവിലെ എഴുന്നേറ്റ് വീട്ടിലെ പണികൾ എല്ലാം ചെയ്ത് തീർത്തിട്ട് വേണം അവൾക്ക് പട്ടണത്തിലെ വീടുകളിൽ പോയി ജോലികൾ ചെയ്യുവാൻ.മൂന്ന് വീടുകളിലെ മുറ്റമടി,തറതുടയ്ക്കൽ,ഒരു വീട്ടിലെ പാചകം, ഇത്രയും കഴിഞ്ഞിട്ടാണ് വൈകുന്നേരത്തെ പലഹാരക്കടയിലെ ജോലി.സ്ത്രീകളുടെ കൂട്ടായ്മയിൽ ഉള്ള പലഹാരക്കടയിലെ ജോലിയും കഴിഞ്ഞ് അവരോടൊപ്പം വീട്ടിലേക്ക് തിരിച്ചെത്തുമ്പോൾ രാത്രിയായിട്ടുണ്ടാകും.
​​​ കണ്ണനെയും,ഉണ്ണിയെയും അവളെ ഏൽ‌പ്പിച്ചിട്ട് വിജയേട്ടൻ പോയിട്ട് വർഷം പതിനൊന്നു കഴിഞ്ഞു.വിജയേട്ടന്റെ അമ്മയെ ഇരട്ടകുട്ടികളായ കണ്ണനെയും,ഉണ്ണിയെയും ഏല്പിച്ചിട്ടാണ് ഗംഗ പട്ടണത്തിലേക്ക് പോവുക. കണ്ണനെയും,ഉണ്ണിയെയും കാണുമ്പോൾ ഗംഗ സ്വയം ശപിക്കും.രണ്ടുപേർക്കും കാഴ്ചയില്ല.അതിനാൽത്തന്നെ അവരെ നോക്കാനായി ഒരാൾ വേണം.വിജയേട്ടന്റെ അമ്മയ്ക്കും ഇപ്പോൾ തീരെ വയ്യാതാ‍യിരിക്കുന്നു.വളരെ ബുദ്ധിമുട്ടിയാണ് ജീവിക്കുന്നതെങ്കിലും മക്കൾ രണ്ടുപേർക്കും കാഴ്ച ലഭിക്കുവാനായി അവൾ സമീപിക്കാത്ത ഡോക്ടർമാരില്ല. കാഴ്ച ലഭിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്.എന്നാൽ കണ്ണുകൾ ദാനമായി ലഭിക്കണം.മരിച്ചുപോയവരുടെ കണ്ണുകൾ ദാനം കൊടുക്കാറുണ്ടെന്നും,അങ്ങനെ ചിലർക്കൊക്കെ കാഴ്ച ലഭിക്കാറുണ്ടെന്നും അവൾ അത്ഭുതത്തൊടെയാണ് കേട്ടത്.ചിലർക്ക് എന്ത് ചെയ്താലും കാ‍ഴ്ച ലഭിക്കില്ലത്രേ.തന്റെ കുട്ടികൾക്ക് കാ‍ഴ്ച ലഭിക്കാവുന്നതേയുള്ളു എന്ന പ്രതീക്ഷയാണ് അവളെ ജീവിതത്തിൽ മുന്നോട്ട് നയിച്ചത്.പക്ഷെ രണ്ട് കണ്ണുകൾ എവിടെ നിന്നു ലഭിക്കും?ആ ചോദ്യം പല രാത്രികളിലും അവളുടെ ഉറക്കം കവർന്നു.
​​​മരിച്ചയാൾ കണ്ണുകൾ ദാനം ചെയ്യാൻ സമ്മതിച്ചയാളയിരിക്കണം,മാത്രമല്ല മരിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ അത് ലഭ്യമാവുകയും വേണമെന്നാണ് ഡോക്ടർ പറയുന്നത്.വളരെയധികം ആളുകൾ ദിവസവും മരിക്കാറുണ്ട് എന്നാൽ കണ്ണുകൾ ദാനം ചെയ്ത ആരുമില്ല അക്കൂട്ടത്തിൽ.മരണശേഷം ഉപകാരമില്ലാത്ത കണ്ണുകൾ മറ്റൊരാൾക്കും നൽകാൻ മനുഷ്യർ തയ്യാറാകാത്തതെന്തെന്ന് ഗംഗയ്ക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല.കണ്ണുകൾ ലഭിക്കുവാനായി ഗംഗ പല ആശുപത്രികളെയും, സന്നദ്ധസംഘടനകളെയും സമീപിച്ചു.മിക്കവാറും കണ്ണുകൾ ദാനം ചെയ്യുന്നവർ അകലങ്ങളിലുള്ളവരാണ്,അതിനാൽ തന്നെ സമയത്തിനുള്ളിൽ ശസ്ത്രക്രിയ ചെയ്യാനാവുകയില്ല.ഗംഗയുടെ സ്വപ്നം ഇനിയും നടക്കാത്ത സ്വപ്നമായി ത്തന്നെ നിലകൊണ്ടു.
അങ്ങനെ ഒരു ദിവസം പലഹാരക്കടയിൽ നിന്ന് പെട്ടെന്ന് അവളെ വീട്ടിലേക്ക് വിളിച്ച് കൊണ്ടുപോയി.വീട്ടിലെത്തിയപ്പോൾ മരിച്ച് കിടക്കുന്ന വിജയേട്ടന്റെ അമ്മയെ ആണ് അവൾ കണ്ടത്.തനിക്കാകെ ഒരാശ്രയമുണ്ടായിരുന്നത് കൂടി ഇല്ലാതായി എന്ന സത്യം ദുഖത്തിന്റെ നീർക്കയത്തിലേക്ക് അവളെ വലിച്ചെറിഞ്ഞു.ദുഖാർത്തയായി ഗംഗ ഇരിക്കുമ്പോളാണ് ഉണ്ണി ചോദിച്ചത് ’മുത്തശ്ശിയെ ഇനി കാണാൻ ഞങ്ങൾക്കവില്ലേ അമ്മേ?’പെട്ടെന്നാ‍ണവളുടെ മനസ്സിൽ തോന്നിയത്,വിജയേട്ടന്റെ അമ്മയുടെ കണ്ണുകൾ…തന്റെ കുട്ടികൾക്ക് കൊടുത്തുകൂടെ…പെട്ടെന്നവിടെ കൂടിയിരിക്കുന്നവരെ ഗംഗ കാര്യമറിയിച്ചു.ശവശരീരവുമായി പട്ടണത്തിലേക്കുള്ള ആശുപത്രിയിലേക്ക് പോകണം.ഗ്രാമത്തിലെ വണ്ടികൾ എല്ലാം പട്ടണത്തിലാണ് ഓടുന്നത്.അവിടെ നിന്നും വണ്ടി വരുമ്പോളേക്കും താമസിക്കുമോ എന്നൊരു സംശയം ബാക്കി നിന്നുവെങ്കിലും വണ്ടി വിളിക്കുവാൻ അവൾ ശങ്കിച്ചുനിന്നില്ല. ആശുപത്രിയിലെത്തിയപ്പോൾ ഗംഗയ്ക്കുണ്ടായിരുന്ന പ്രതീക്ഷ നിരാശയ്ക്ക് വഴി മാറി.സമയം കഴിഞ്ഞ് പോയിരുന്നു.തന്റെ കുട്ടികളുടെ ദൌർഭാഗ്യമോർത്ത് വിലപിക്കുവാനേ ആ അമ്മയ്ക്കായുള്ളു.
​​​ വിജയേട്ടന്റെ അമ്മ മരിച്ച ശേഷം കണ്ണനെയും,ഉണ്ണിയെയും നോക്കുവാനാരുമ്മില്ലാതയിരിക്കുന്നു.ജോലി എല്ലാം കഴിഞ്ഞ് വീട്ടിൽ വരുമ്പോൾ എവിടെയെങ്കിലും തട്ടിമുറിഞ്ഞ ശരീരവുമായിരിക്കുന്ന മക്കളെയോർത്ത് അവൾ മനസ്സിൽ വിലപിച്ചു.താൻ വീട്ടിലില്ലാത്തപ്പോൾ എവിടെയും ഇറങ്ങിനടക്കരുതെന്ന് പറഞ്ഞശേഷം ഗംഗ ജോലിക്ക് പോയിത്തുടങ്ങി.ദീർഘനാളായി താൻ സൂക്ഷിച്ചുവച്ചിരുന്ന പണം കുട്ടികളുടെ ശസ്ത്രക്രിയയ്ക്ക് തികയുമെന്നയപ്പോൾ അവൾക്കു സന്തോഷമായി.പക്ഷെ കണ്ണുകൾ….അതോർത്തപ്പോൾ ഗംഗയ്ക്ക് ഒരെത്തും പിടിയും കിട്ടിയില്ല.കുട്ടികൾ ഉറങ്ങിയ ശേഷവും പല രാവുകളിൽ അവൾ അതേപ്പറ്റിചിന്തിച്ചുകൊണ്ടിരുന്നു.ഒടുവിൽ ഒരു രാത്രി വളരെ ആലൊചിച്ചപ്പോൾ ഒരു വഴി തെളിഞ്ഞെന്നപോലെ അവൾ പുതപ്പിനുള്ളിലേക്ക് കയറി.ആ രാത്രി അവൾ സുഖമായുറങ്ങി.
​​​ പിറ്റേന്ന് രാവിലെ പോകാറായപ്പോൾ അവൾ പതിവില്ലാത്തവിധം കുട്ടികളെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.വീട്ടിൽനിന്നും ഫോൺ സൌകര്യമുള്ള ഗ്രാമത്തിലെ ഒരേ ഒരു കടയിലേക്ക് പോയി.ബൂത്തിൽ കയറി ഫോൺ ചെയ്തിറങ്ങിയ ഗംഗയെ കണ്ടപ്പോൾ അവൾക്കാരെയാണ് ഫോൺ വിളിക്കാനുള്ളതെന്ന് പലഹാരക്കടയിലെ സ്ത്രീകൽ മനസ്സിൽ ചോദിച്ചു.അന്ന് പട്ടണത്തിലേക്കു ജോലിക്കായി ഗംഗ പോയില്ല.പകരം വീട്ടിലെത്തി കണ്ണനെയും,ഉണ്ണിയെയും അടുത്ത് വിളിച്ച് ചോദിച്ചു’മക്കൾക്ക് കാഴ്ച ലഭിക്കുമ്പോൾ ആദ്യം എന്താ ചെയ്യുക?’
‘അത്..അത്..കാഴ്ച ലഭിക്കുമോ അമ്മേ?’ കണ്ണൻ ചോദിച്ചു.
‘ലഭിക്കും മോനെ’അവൾ തേങ്ങിക്കൊണ്ട് പറഞ്ഞു.
‘എങ്കിൽ വീടും തൊടിയുമൊക്കെ കാണണം.പൂക്കളും,പൂമ്പാറ്റകളെയും കാണണം.എന്നാലേറ്റവും ആദ്യം കാണേണ്ടത് അമ്മയേയാണ്.‘ഉണ്ണി പറഞ്ഞു.കണ്ണൻ അത് ശരിവച്ചു.
‘ഉം ..ശരി.എന്റെ മക്കൾ സ്കൂളിൽ പോയി നന്നായി പടിക്കണം.നല്ല കുട്ടികളായി വളരണം.അച്ചന്റെയും മുത്തശ്ശിയുടെയും തറകളിൽ എന്നും വിളക്ക് വയ്ക്കണം.‘അവരെ കെട്ടിപിടിച്ച് കരഞ്ഞുകൊണ്ടവൾ പറഞ്ഞു.
അര മണിക്കൂറിനകം ഒരു ആമ്പുലൻസ് ഗംഗയുടെ വീടിനുമുമ്പിൽ വന്നു നിന്നു.ആളുകൾ ഓടിക്കൂടി,കാര്യമെന്തെന്നന്വേഷിച്ചു.കിണറിനകത്തുനിന്നും ഒരു മധ്യവയസ്കയായ സ്ത്രീയുടെ ശവശരീരം പുറത്തെടുത്ത് ആമ്പുലൻസിൽ കയറ്റി…ഒപ്പം കുട്ടികളെയും. കണ്ണന്റെയും,ഉണ്ണിയുടെയും കാഴ്ച കിട്ടാനുള്ള ശസ്ത്രക്രിയയ്ക്കുള്ള മുഴുവൻ പണവും ആശുപത്രിയിൽ മുൻ കൂറായടച്ച ഗംഗ രാവിലെ ഡോക്ടറോട് കണ്ണുകൾ ലഭിച്ചെന്നും,വീട്ടിലേക്ക് ഒരു ആമ്പുലൻസ് അയക്കണമെന്നും ആവശ്യപ്പെടുകയും ചെയ്ത ശേഷം സ്വയം കിണറ്റിൽ ചാടി മരിക്കയുമായിരുന്നുവെന്ന് ഒരു ഞെട്ടലോടെയാണ് നാട്ടുകാർ അറിഞ്ഞത്.
​​​ കണ്ണന്റെയും,ഉണ്ണിയുടെയും ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി.കണ്ണിലെ കെട്ടു തുറക്കുമ്പോൽ അമ്മ അരികിലുണ്ടാവണമെന്ന് അവർ ഡോക്ടറോട് നിർബന്ധം പിടിച്ചു.തന്റെ മക്കൾക്ക് ശാപമോക്ഷം കിട്ടുവാനായി മക്കളെ നദിയിലെറിഞ്ഞു കൊന്ന ഐതിഹ്യകഥയിലെ ഗംഗാദേവിയെ പറ്റി പണ്ട് മുത്തശ്ശി പറഞ്ഞ് തന്നത് ഡോക്ടറുടെ ഓർമ്മയിൽ വന്നു,എന്നാൽ മക്കൾക്ക് കാഴ്ച ലഭിക്കുവാൻ സ്വയം ജീവനൊടുക്കിയ ഗംഗ ഇനിയും മനസ്സിലാകാത്ത പ്രഹേളികയായി തന്നെ തുടർന്നു. കണ്ണനെയും,ഉണ്ണിയെയും കാത്തുകൊണ്ട് മോർച്ചറിയിൽ തണുത്തുവിറങ്ങലിച്ച ഒരു ശവശരീരം കിടപ്പുണ്ടായിരുന്നു.

സൃഷ്ടി:
Dhanish Antony


ഓർമയിലൊരു നഷ്ട പ്രണയം





ഓർമയിലൊരു നഷ്ട പ്രണയം
(Short story)
ജനാലകൾക്കിടയിലൂടെ കടന്നു വരുന്ന സൂര്യ രശ്മികൾ ജനൽ ചില്ലിൽ തട്ടിപ്രതിഫലിക്കുന്നതും നോക്കി ഒരു കപ്പ് കാപ്പിയും കൈയ്യിൽ പിടിച്ച് നിൽക്കുകയാണ് രാജീവ്. അനുപമയെ കല്യാണം കഴിച്ചിട്ട് ഒരു ആഴ്ച്ച പോലുമായിട്ടില്ലെങ്കിലും അവൾ വർഷങ്ങളുടെ പരിചയസമ്പന്നതയുള്ള ഒരു വീട്ടമ്മയെപ്പോലെ തോന്നിപ്പിച്ചു. തന്റെ ഫ്ലാറ്റിലെ ഒരോ മുക്കിനും മൂലയ്ക്കും തന്നെക്കാൾ പരിചയം അനുപമയോടാണ് എന്നവന് തോന്നി.
​​​ബോംബെ നഗരത്തിൽ സാമാന്യം അറിയപ്പെടുന്ന ഒരു അക്കൌണ്ടിങ്ങ് കൺസൾട്ടന്റ് ആണ് രാജീവ്. നഗരത്തിലെത്തിയിട്ട് വർഷം ആറായി. പഠനശേഷം ഒരു ചെറിയ സ്ഥാപനത്തിൽ ജോലിയിൽ കയറിയായിരുന്നു തുടക്കം. നഗര ദേവത കുറെപ്പേരെ കൈയയച്ച് അനുഗ്രഹിക്കും,എന്നാലതു മിക്കപ്പോഴും പത്തിരട്ടി ജീവിതങ്ങളുടെ നശീകരണം കണ്ടതിനു ശേഷമായിരിക്കും. എന്തായാലും പാലക്കാട്ടെ ഒരുൾഗ്രാമത്തിൽ നിന്നെത്തിയ രാജീവിനെ ബോംബെ നഗരം കനിഞ്ഞനുഗ്രഹിച്ചെന്നു പറയാതെ തരമില്ല.
​​​​വെറും രണ്ടു വർഷങ്ങൾക്കുള്ളിൽ സ്വന്തം സ്ഥാപനം തുടങ്ങിയപ്പോൾ പലരും രാജീവിനെ അത്ഭുതത്തോടെയാണ് നോക്കിയത്. ഹ്യുദ്യമായ സംസാരം,മാന്യമായ പെരുമാറ്റം,വിദ്യാസമ്പന്നൻ,സുഭഗൻ എല്ലാവരെയും ആകർഷിക്കാൻ ഇതൊക്കെ ധാരാളമായിരുന്നു. നഗരത്തിലെ എണ്ണം പറഞ്ഞ പല ബിസിനസ്സുകാരുടെയും കൺസൾട്ടന്റായി രാജീവ് വളർന്നത് വളരെപ്പെട്ടെന്നായിരുന്നു.
​​​​ജോലിക്കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയ്ക്കും രാജീവ് തയ്യാറായിരുന്നില്ല. സമയത്തിന്റെ കാര്യത്തിലെ കണിശത രാജീവിന്റെ കസ്റ്റമേഴ്സിനെ അത്ഭുതപ്പെടുത്തി. ഒരിക്കൽ പോലും അവർക്ക് പരാതി പറയുവാൻ അവസരം ഉണ്ടായതുമ്മില്ല. രാത്രി വൈകിയും തുടരുന്ന ജോലി നിത്യസംഭവമായിരുന്നു. ജോലിക്കാരെല്ലാം പോയിക്കഴിഞ്ഞും എല്ലാം ഒന്നു കൂടി പരിശോധിച്ചാലേ രാജീവിന് മനസംത്രുപ്തിയുള്ളു. അർദ്ധരാത്രിക്കു ശേഷം വന്നു ചേരുന്ന രാജീവ് സാർ ഫ്ലാറ്റിലെ സെക്യൂരിറ്റിക്ക് രാത്രികാലത്തെ ഉറക്കം തടസ്സപ്പെടുത്തുന്നയാളായി മാറി. 
​​​​ഇത്രയും കാര്യങ്ങൾ അനുപമ പറഞ്ഞുള്ള അറിവേ രാജീവിനുമുള്ളു. കല്യാണം കഴിഞ്ഞതിനു ശേഷം ഇതേവരെ സ്ഥാപനത്തിൽ പോയിട്ടില്ല. കഴിഞ്ഞ രണ്ട് മാസമായി സ്ഥാപനം തുറന്നിട്ട്. കസ്റ്റമേർഴ്സ് ഒക്കെ പുതിയ കൺസൾട്ടന്റിനെ തേടി കണ്ട്പിടിച്ചു. രാജീവിന് കൺസൾട്ടിംഗ് ഒന്നും മനസ്സിലാകുന്നില്ല. ആകെ ഒരു അപരിചിതത്ത്വം. ചിലപ്പോൾ പഴയ സ്ഥിതിയിലേക്ക് ഓർമ്മ തിരിച്ചെത്തുവാൻ മാസങ്ങൾ വേണ്ടിവരുമെന്നാണ് ഡോക്ടർ പറഞ്ഞതെന്ന് അനുപമ പറഞ്ഞശ്വസിപ്പിക്കും.
​​​​രണ്ട് മാസം മുൻപാണ് രാജീവിന്റെ കാ‍ർ ഒരപകടത്തിൽ‌പ്പെട്ടത്. തലയ്ക്ക് കാര്യമായ പരിക്കേറ്റ രാജീവിന് നാലു ദിവസത്തിനു ശേഷമാണ് ബോധം തെളിഞ്ഞത്. ആശുപത്രി വിട്ടതിനു ശേഷവും ഓർമമ മാത്രം തിരിച്ചു വരാതെ മടിച്ചു നിന്നു. ‘അന്ന് രാത്രി വൈകിയാണ് എനിക്ക് ഒഫീസ് വിടാനായത്. ഫ്ലാറ്റിൽ രാജീവേട്ടനെ കണ്ട് പരിചയമുണ്ട്,മലയാളിയായതിനാൽ അറിയുകയും ചെയ്യാമായിരുന്നു. അങ്ങനെയാണ് ലിഫ്റ്റ് ചോദിച്ചത്. ഓഫീസിലെ കൂടെ ജോലി ചെയ്യുന്ന അഞ്ജലിയും എന്റെ കൂടെ ഉണ്ടയിരുന്നു. അവളെ താമസസ്ഥലത്തിറക്കിയ ശേഷം മുൻപോട്ടെടുത്തതും കാർ നിയന്ത്രണം വിട്ട് ഓവർ ബ്രിഡ്ജിൽ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. നമ്മൾ രണ്ട് പേരെയും അഞ്ജലിയാണ് ആശുപത്രിയിലെത്തിച്ചത്. ലിഫ്റ്റ് ചോദിച്ച എന്റെ കൈയ്യിൽ ബാന്റേജാണ് ഒരു മാസത്തേക്ക്‌ സമ്മാനമായി രാജീവേട്ടൻ തന്നത്” എന്നു പറഞ്ഞവൾ കളിയാക്കി ചിരിച്ചു.
​​​അതിനു ശേഷമുള്ള കാര്യങ്ങൾ രാജീവിന് നല്ല ഓർമമയുണ്ട്. ബാന്റേജിട്ട ഒടിഞ്ഞ വലം കൈയ്യും തൂക്കിയിട്ടൊരു പെണ്ണ്‌ തന്റെ കൂടെ ആശുപത്രിയിൽ,കാണാൻ സുന്ദരിയാണ്. നാടൻ പെണ്ണിന്റെ ശാലീനത മുഖത്തും സംസാരത്തിലും. വളരെ ബുദ്ധിമുട്ടി ഇടം കൈ കൊണ്ട് ഫ്ലാസ്കിലെ ചായ പകരുന്ന അനുപമയെ ഇന്നലെയെന്നപോലെ രാജീവോർത്തു. ആശുപത്രിയിൽ തന്റെ പരിചരണം മുഴുവൻ അനുപമയാണ് എറ്റെടുത്തത്. വലതു കൈ കഴുത്തിൽ തൂക്കി ഇടതുകൈയിൽ ഫ്ലാസ്കോ,ചോറുപാത്രമോ ഡോക്ടറുടെ എക്സ്റേ ഷീറ്റോ പിടിച്ച് വരുന്ന അനുപമ മനസ്സിൽ കയറിപറ്റിയതെപ്പോളാണെന്ന് അവനറിഞ്ഞില്ല. ആശുപത്രി വിട്ടതിനു ശേഷം ഫ്ലാറ്റിലും കുറേ ദിവസത്തേക്ക് അവളുണ്ടായിരുന്നു. തനിക്ക് ശരീരം വഴങ്ങുന്നതു വരെ അവൾ എല്ലാം കണ്ടറിഞ്ഞു ചെയ്തു.
​​​അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസമാണ് അനുപമയോട് അവൻ ഇഷ്ടം തുറന്നുപറഞ്ഞത്. വീട്ടിൽ അനുവാദം ചോദിക്കാനാണവൾ നാണം കൊണ്ട് തല താഴ്ത്തികൊണ്ട് പറഞ്ഞത്. അതിനർത്ഥം അവൾക്ക് സമ്മതമാണെന്നാണ്. അവളുടെ വീട്ടുകാരുടെ സമ്മതം മാത്രമാണൊരു കടമ്പ ബാക്കിയുള്ളു. തനിക്ക് ബന്ധുക്കളാരുമില്ലെന്ന് പറഞ്ഞപ്പോൾ ആദ്യം താല്പര്യക്കുറവ് ഉണ്ടായെങ്കിലും അനുപമയുടെ നിർബന്ധത്തിനു മുൻപിൽ അവളുടെ വീട്ടുകാർ വഴങ്ങികൊടുത്തു.വിവാഹം മംഗളമായി നടന്നു. ഇന്ന് ഒരാഴ്ച തികയുകയാണ്.
​​​ഫ്ലാറ്റിലെ മണി മുഴങ്ങുന്ന ശബ്ദം കേട്ടാണ് രാജീവ് ചിന്തയിൽ നിന്നുണർന്നത്. അനുപമ അടുക്കളയിലാണ്. കുടിച്ചുകൊണ്ടിരുന്ന കാപ്പികപ്പുമായി രാജീവ് വാതിൽ തുറന്നു. ഒരമ്മയും മകനും മകളും. എന്തോ ഒരു മിന്നിമറയൽ മനസ്സിൽ കടന്നുപോയ പോലെ രാജീവിനു തോന്നി. എവിടെയോ വച്ച് കണ്ട്പരിചയമുള്ള പോലെ…ഓർമ്മ ശരിക്കും കിട്ടുന്നില്ല.
​​​‘കോൻ ഹെ?’രാജീവ് ചോദിച്ചു. വന്ന സ്ത്രീയുടെ മുഖത്ത് അത്ഭുതം. മകൻ ഫ്ലാറ്റിനകത്തേക്ക് കയറി. മകൾ ഒന്നു മടിച്ച് അമ്മയുടെ പിറകിൽ നിന്നു. ‘ചേട്ടൻ എന്താ വിളിക്കാത്തത്,ഞങ്ങൾ എത്ര പേടിച്ചെന്നറിയോ?‘മകൻ ചോദിച്ചു. രാജീവിന് ഒന്നും മനസ്സിലായില്ല. മലയാലികളാണ്. ഇനിയെങ്ങാനും ആളുമാറിയതായിരിക്കുമോ?....രാജീവ് സ്വയം ഓർത്തു.പെട്ടെന്ന് അമ്മയും മകളും കൂടി അകത്തേക്ക് കയറി വന്നു.
​​​ശബ്ദം കേട്ട് അനുപമ വന്നു. ‘ഇതാരാ രജീവേട്ടാ?‘അത് കേട്ടതും എല്ലാവരും അനുപമയെ തിരിഞ്ഞുനോക്കി. കൂടെ വന്ന പെണ്ണ് പെട്ടെന്നൊരു പൊട്ടിക്കരച്ചിൽ. തനിക്ക് ഒന്നും മനസ്സിലാകുന്നില്ല.ഒന്നിനും ഒരു ബന്ധവുമില്ലാത്തപോലെ…താൻ സ്വപ്നം കാണുകയാണോ?... 
​​​‘ഇതാരാടാ ഈ പെണ്ണ്‌?’അനുപമയെ ചൂണ്ടി വയസ്സായ സ്ത്രീ ചോദിച്ചു. അധികാരപൂർവമുള്ള അവരുടെ ചോദ്യം രാജീവിനെ അമ്പരപ്പിച്ചു. എന്തൊക്കെയാണ് തനിക്ക് ചുറ്റും നടക്കുന്നത്?....’നിങ്ങളാരാണ്?ആരെയാണ് അന്വേഷിക്കുന്നത്?’രാജീവ് ചോദിച്ചു.
​​​‘നിനക്ക് നിന്റെ അമ്മയെയും,അനുജനെയും കണ്ടാൽ മൻസ്സിലാകേലേടാ?ഇതാണോടാ ഇവിടെ വന്ന് താമസിച്ചപ്പോൾ നീ പഠിച്ചത്?നീ എന്തുകൊണ്ടാ ഞങ്ങളെ ഫോൺ വിളിക്കാത്തതെന്ന് ഇപ്പോളാ മനസ്സിലായത്. കഴിഞ്ഞ ഒന്നര മാസമായി നിന്നെ അന്വേഷിക്കാൻ തുടങ്ങിയിട്ട്…’അവർ പറഞ്ഞുനിർത്തുന്നില്ല.
​​​അനുപമയ്ക്കും എന്തോ പന്തികേട് തോന്നി. ’നിങ്ങൾ ശാന്തമായിരിക്കൂ. എവിടെ നിന്നാണ് വരുന്നത്?’അനുപമ ചോദിച്ചു. അതിന് ആ സ്ത്രീ മറുപടിയൊന്നും പറഞ്ഞില്ല. പകരം കൂടെ വന്ന പെണ്ണിനെ മുൻപിൽ നിർത്തിയിട്ട് ചോദിച്ചു ‘നീ ഇവളെ അറിയുമോടാ?’. എന്താണ് പറയേണ്ടതെന്നോർത്ത് രാജീവ് മിഴിച്ചിരുന്നു.
​​​അനുപമ അവരെ അടുത്തെത്തി ശാന്തമായി പറഞ്ഞു. ‘രാജീവേട്ടനു നല്ല ഒർമമയില്ല ഇപ്പോൾ…ദയവായി നിങ്ങൾ എവിടെ നിന്നാണ് വരുന്നതെന്ന് പറയൂ. രാജീവേട്ടന്റെ ബന്ധുക്കളാരെങ്കിലുമാണോ?’.
‘രാജീവിന് എന്ത് പറ്റി?‘അവർ ചോദിച്ചു.
‘ഒരു ചെറിയ കാറപകടമായിരുന്നു. ഓർമ്മ ശരിക്ക് തിരിച്ച് കിട്ടിയിട്ടില്ല.’ അനുപമ അവരെ ആശ്വസിപ്പിക്കനെന്നോണം പറഞ്ഞു.
‘നിങ്ങൾ ആരാണെന്ന് പറഞ്ഞില്ല’അവൾ പറഞ്ഞു.
അപ്പൊളാണവളറിയുന്നത് വന്നിരിക്കുന്നത് രാജീവിന്റെ അമ്മയും അനുജനുമാണ്,ഒന്നര മാസം മുൻപ് മുതൽ ഒരു വിവരവുമില്ലാത്തതിനാൽ പാലക്കാട് നിന്നും ബോംബെയിൽ വന്നു ജോലി ചെയ്യുന്ന പലരെയും കണ്ട് ചോദിച്ചറിഞ്ഞ് ഇവിടെ വന്നെതിയതാണ്. തന്റെ ഫോൺ അപകടത്തിൽ നഷ്ടമായതും,താൽക്കാലികമായി ഫോൺ ഉപയോഗം വേണ്ടെന്നു വയ്ക്കാൻ ഡോക്ടർ ഉപദേശിച്ചതും രാജീവോർത്തു.
ചേട്ടൻ വാങ്ങിത്തന്ന സെൽ ഫോണിൽ അമ്മയും അനുജനും രാജീവും ചേർന്നു നിൽക്കുന്ന ഫൊട്ടോ അനുപമയെ രാഹുൽ എടുത്ത് കാണിച്ചു. ഫോട്ടോ കാണുന്നതിനൊപ്പം അവൾ അസ്വസ്ഥമാകുന്നതായി മുഖഭാവം വായിച്ചറിഞ്ഞ രാ‍ജീവ് തിരിച്ചറിഞ്ഞു. കൂടെ വന്നിരിക്കുന്ന പെണ്ണിനൊപ്പം നിൽക്കുന്ന രാജീവിന്റെ ചിത്രങ്ങൾ കണ്ടാലറിയാം അവർ പരസ്പരം പ്രണയത്തിലായിരുന്നുവെന്ന്.
​​​​രാജീവിന്റെ അകന്ന ബന്ധുതയിലുള്ള പെണ്ണാണ് രാധിക.രാജീവിന്റെ അച്ഛന്റെ മരണശേഷം രാധികയുടെ അമ്മയും അച്ഛനുമാണ് അവരുടെ സഹായത്തിനുള്ളു. രാജീവിന്റെയും രാധികയുടെയും വിവാഹനിശ്ചയം പെട്ടെന്ന് നടത്തിയത് രാധികയുടെ അച്ഛൻ മരണാസന്നനയി കിടന്നപ്പോളാണ്. രാധികയുടെ അച്ഛൻ മരിച്ചതിനു ശേഷം രാധിക രാജീവിന്റെ അമ്മയ്ക്കും അനുജനുമൊപ്പമാണ് കഴിഞ്ഞിരുന്നത്. രണ്ട് മാസത്തിനു ശേഷം വിവാഹം നടത്താനുള്ള തീയതിയും കുറിച്ച് കഴിഞ്ഞാണ് കഴിഞ്ഞ തവണ രാജീവ് നാട്ടിൽ നിന്ന് വണ്ടി കയറിയത്. 
​​​എല്ലാം വിവരിച്ച് കഴിഞ്ഞ് ആ അമ്മ പൊട്ടിക്കരഞ്ഞു. അമ്മയുടെ സംസാര സമയത്തും രാധിക കരയുകയായിരുന്നു. ഇത് മുഴുവൻ കേട്ടിരുന്ന രാജീവ് വാതിൽ തുറന്നപ്പോൾ തോന്നിയ മുഖപരിചയം രക്തബന്ധവും കർമബന്ധവും കൂടി ചേർന്നതായിരുന്നുവെന്നത് ഇനിയും വിശ്വസിക്കാനാവാതെ നിന്നു.
​​​​അപകടത്തെപറ്റിയും തുടർന്നുണ്ടായ ഓർമക്കുരവിനെപ്പറ്റിയും തങ്ങളുടെ വിവാഹത്തെപ്പറ്റിയും അനുപമ ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു. എല്ലാം കേട്ട് കഴിഞ്ഞ് രാധികയെ മാറ്റി നിർത്തി അമ്മ ചോദിച്ചു.’ഞാൻ ഇനി ഇവളോട് എന്ത് സമാധാനം പറയും,നീ പറ’.ആ ചോദ്യത്തിനു മുൻപിൽ അവൻ പകച്ചു നിന്നു. 
​​​തന്റെ മോശം കാലത്ത് സഹായിച്ച രാധികയൊടുള്ള കടപ്പാടും കൊടുത്ത സ്നേഹവും വാക്കും ഒരു വശത്ത്,തന്നെ വിശ്വസിച്ച് വിവാഹം കഴിച്ച അനുപമ മരുവശത്ത്.ജീവിതത്തിൽ എന്ത് തീരുമാനമെടുത്താലും അത് ശരിയാകാത്ത സന്ദർഭങ്ങലുണ്ടകും.അങ്ങനെ ഒന്നിന്റെ നീർക്ക്കയത്തിലേക്കുള്ള ചുഴികളിൽ പെട്ട് രാജീവ് ചിന്താധീനനായിയിരുന്നു. താൻ എന്ത് തീരുമാനമെടുത്താലും ഒരു പെണ്ണിന്റെ കണ്ണീർ തന്റെ ജീവിതകാലം മുഴുവനും കൂടെയുണ്ടാവുമെന്നരിഞ്ഞുകൊണ്ട്…


സൃഷ്ട്ടി:
Dhanish Antony
Powered by Blogger.