വിനോദയാത്ര--Dhanish antony

വിനോദയാത്ര
(ചെറുകഥ)
യാത്രയ്ക്കുവേണ്ട സാധനങ്ങൾ ഓരോന്നായി എടുത്തുവയ്ക്കുമ്പോൾ റാണിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. കല്യാണം കഴിഞ്ഞശേഷം മധുവിധു കാലത്ത് യാത്രകൾ ചെയ്തത് അവളുടെ ഓർമ്മയിൽവന്നു. തൻ്റെ ഭർത്താവ് അബ്രഹാമിന് അന്നു തന്നോട് കൂടുതൽ സ്നേഹമുണ്ടായിരുന്നതായി പലപ്പോഴും അവൾക്ക് തോന്നിയിട്ടുണ്ട്. കല്ല്യാണശേഷം വളരെയധികം ബന്ധുവീടുകളിൽ കൊണ്ടുപോയി ,പല സ്ഥലങ്ങളിലേക്ക് യാത്രചെയ്തു. കൊട്ടാരങ്ങൾ ,മ്യൂസിയങ്ങൾ, പാർക്കുകൾ, തടാകങ്ങൾ ... ഇതെല്ലാം ഇന്നലെ കഴിഞ്ഞുപോയതുപോലെ അവൾക്ക് തോന്നി.
അബ്രഹാമിന് നഗരത്തിലെ ഒരു സ്വകാര്യകമ്പനിയിലാണുദ്യോഗം. ജോലിയുമായി ബന്ധപ്പെട്ട് അബിയേട്ടൻ എപ്പോഴും തിരക്കിലായിരിക്കും. രാവിലെ ഒൻപതുമുതൽ വൈകിട്ട് അഞ്ചുവരെയാണ് ജോലിസമയം. പക്ഷേ അത് കടലാസിൽ മാത്രമായൊതുങ്ങുന്നു .രാവിലെ ഏഴിനു വീട്ടിൽനിന്നിറങ്ങിയാലേ ഒമ്പതിനു കൃത്യമായി ഓഫീസിലെത്തിച്ചേരാനാകൂ. നഗരത്തിലെ ട്രാഫിക്കിനെ തോൽപിക്കാൻ കുറച്ച് സമയം കരുതിവയ്ക്കണം. വൈകിട്ട് അഞ്ചിന് ഒരിക്കലും ഓഫീസിൽ നിന്നിറങ്ങാനായതായി റാണിയ്ക്ക് ഓർമ്മയില്ല. ജോലികൾ ഒന്നിനു പുറകേ ഒന്നായി വന്നുകൊണ്ടിരിക്കും .ഓഫിസ് വിട്ട് വീട്ടിലെത്തുമ്പോൾ രാത്രി എട്ട് അല്ലെങ്കിൽ ഒമ്പതായിട്ടുണ്ടാകും .'ജീവിതത്തിൽ ഉണർന്നിരിക്കുന്നതിൽ ഭൂരിഭാഗം സമയവും മനുഷ്യൻ ജോലിക്കായി നഷ്ടപ്പെടുത്തുകയും ,ജീവിക്കാൻ മറന്നുപോവുകയും ചെയ്യുന്നതെതുകൊണ്ടാണെന്നവൾക്ക്മനസ്സിലായില്ല '. വീട്ടിലെ ജോലികളെല്ലാം തീർത്തിട്ട് മണിക്കൂറുകൾ തന്നെയിരുന്നു മടുക്കുമ്പോൾ പഴയകാല ഓർമ്മകൾ റാണിയുടെ മനസ്സിലേക്ക് ഓടിവരും.
അബിയേട്ടൻ്റെ ജോലിത്തിരക്കു കാരണം തന്നോട് സ്നേഹം കുറഞ്ഞുപോയതെന്ന് തനിക്കു തോന്നുന്നതുമാത്രമാണെന്ന് റാണിക്കുമറിയാം.'എന്തൊക്കെ കാരണങ്ങളുണ്ടെങ്കിലും അത് പരിപൂർണ്ണമായി ബോധ്യപ്പെട്ടാലും , ആ വിശ്വാസങ്ങളൊന്നും സ്നേഹത്തിനു പകരമാവില്ല' .സ്നേഹം നഷ്ടപ്പെടുന്നതും,അത് ലഭിക്കുന്ന സമയം കുറയുന്നതൊക്കെയും തന്നെപ്പോലുള്ള ഒരു വീട്ടമ്മയ്ക്ക് നികത്താനാവാത്ത നഷ്ടം തന്നെയാണെന്നവൾക്ക് തോന്നി. 
അങ്ങനെയിരിക്കുമ്പോഴാണ് റാണിക്കു സന്തോഷം പകർന്നുകൊണ്ട് ജോയിമോൻ കടന്നുവരുന്നത്. തനിക്കെപ്പോഴും കണ്ടുകൊണ്ടിരിക്കുവാനും ,കൊഞ്ചിക്കുവാനും ,സ്നേഹിക്കുവാനുമായി കിട്ടിയ മകനെയോർത്ത് അവൾ വളരെയധികം സന്തോഷിച്ചു. ജോയി മോൻ ഇപ്പോൾ ഒന്നാം ക്ലാസിൽ പോകുന്നുണ്ട്. അഞ്ചാറുവർഷത്തെ വിരസതയിൽ നിന്നും റാണിയെ മാറ്റി നിർത്തിയത് ജോയിമോനാണ്.
ജോയിമോൻ്റെ അവധിക്കാലത്തെങ്കിലും ഒരു വിനോദയാത്രയ്ക്ക് പോകണമെന്ന് റാണി നിരന്തരം പറയുന്നത് അവസാനം അബ്രഹാം സമ്മതിച്ചു .റാണിക്കും ,ജോയിമോനും വളരെയധികം സന്തോഷമായി. യാത്രയ്ക്കായുള്ള എല്ലാം തയ്യാറായിക്കഴിഞ്ഞപ്പോൾ അവൾ ഉറങ്ങാനായി കിടന്നു. എത്രയും പെട്ടെന്ന് രാവിലെയായിരുന്നുവെങ്കിൽ ...റാണിയും ,ജോയിമോനും മനസ്സിലാശിച്ചു. 
രാവിലെ കാറിൽക്കയറി സന്തോഷത്തോടെ യാത്രചെയ്യുന്ന അവരെ കണ്ടപ്പോൾ ആബ്രഹാമിനും സന്തോഷമായി. ഇത്തരം ചെറുയാത്രകൾ പോലും രണ്ടുപേർക്കും എത്ര സന്തോഷമാണ് നൽകുന്നതെന്നോർത്തപ്പോൾ അയാൾക്കത്ഭുതം തോന്നി. അവരുടെ ലക്ഷ്യസ്ഥാനത്ത് കാർ നിർത്തി. ജോയിമോനു ഐസ്ക്രീം വേണം ,ബലൂൺ വേണം .'കുട്ടികളുടെ ലോകത്ത് നിറങ്ങളും ,മധുരവും മാത്രമേയുള്ളുവെന്ന്' റാണിക്ക് തോന്നി.
കണ്ടൽക്കാടുകൾ നിറഞ്ഞ പ്രദേശത്ത് കയറിക്കിടക്കുന്ന ജലാശയം, മനോഹരകാഴ്ചകൾ കണ്ടുകൊണ്ട് അതിലൂടെയുള്ള ബോട്ടുയാത്ര .ഇതാണ് ആ പ്രദേശത്തെ പ്രധാന ആകർഷണം. ഒരു ചെറിയ വഞ്ചിയിൽകയറി അവർ യാത്ര തുടങ്ങി. പച്ചപിടിച്ച കണ്ടൽക്കാടുകളും , വഞ്ചി അരുകിലെത്തുമ്പോൾ പറന്നു പോകുന്ന കിളികളും ജോയിമോനെ ആവേശം കൊള്ളിച്ചു. അടുക്കളക്കും ,വീടിനുപുറത്തുമുള്ള ലോകത്തിൽ എത്തിയ റാണിക്കും അത് വലിയ സന്തോഷം നൽകി.ഏറെനാളുകൾക്കു ശേഷമാണ് റാണിയും ,മോനും ഇത്രയും സന്തോഷിച്ചുകാണുന്നത്. താൻ എന്തുകൊണ്ട് ഇതിനുമുമ്പ് ഇത്തരമൊരു യാത്രയെപ്പറ്റി
ചിന്തിച്ചില്ല എന്നയാൾ ഓർത്തു. 'ജീവിതത്തിലെ തിരക്കിനിടയിൽ ഇത്തരം ചെറിയ ചെറിയ സന്തോഷങ്ങൾ താൻ കൈവിടുകയാണെന്നയാൾ വിചാരിച്ചു '.
പെട്ടെന്ന് വഞ്ചിയാകെ കുലുങ്ങുന്നതായിഅയാൾക്ക്തോന്നി. ചെറിയ വഞ്ചിയിൽ കുലുക്കമുണ്ടാകും ,എന്നാൽ വഞ്ചിയാകെ ഉലയുകയാണ്. റാണിയുടെ കരച്ചിലും ,ബഹളവുമാണ് കേൾക്കുന്നത് .ഇപ്പോൾ വഞ്ചി പുറകോട്ടാണ് നീങ്ങുന്നത് .അയാൾക്കൊന്നും മനസ്സിലായില്ല.
" അബിയേട്ടാ ,നമ്മുടെ മോൻ ''
റാണി കരഞ്ഞുകൊണ്ട് പറയുകയാണ് .
വഞ്ചിയുടെ അരുകിലിരുന്ന ജോയിമോൻ്റെ കൈ വെള്ളത്തിനടിയിലാണ് .കലങ്ങി മറിഞ്ഞ് ചെളിവെള്ളംനിറഞ്ഞ ജലാശയത്തിൽ വഞ്ചിക്ക് സമീപം ചുവന്നനിറം പ്രത്യക്ഷപ്പെടുവാൻ തുടങ്ങി. റാണി ജോയിമോനെ പിടിച്ചു വലിക്കുകയാണ്. അവൻ്റെ കൈ മാത്രമേ വഞ്ചിക്കു പുറത്തുള്ളൂ.എന്നാൽ അതു വിടുവിക്കുവാൻ അവൾക്കാവുന്നില്ല. അബ്രഹാം ഓടിച്ചെന്ന് ജോയി മോനെ ശക്തിയായി പിടിച്ചുവലിച്ചു.അവൻ വേദന കൊണ്ട് കരയുകയാണ്. എന്തിലോ കൈയുടക്കി നിൽക്കുകയാണ്. വഞ്ചി പിന്നെയും പിറകോട്ട് നീങ്ങുകയാണ്. വഞ്ചിക്കാരനുംകൂടെ ചേർന്നു ജോയിമോൻ്റെ കൈപിറകോട്ടു വലിച്ചു. അപ്പോഴാണവർ ഭീകരമായ ആ കാഴ്ച കണ്ടത്ത് .
ഒരു നിമിഷത്തേക്ക് അവർക്കാർക്കും അതു വിശ്വസിക്കാനായില്ല. ജോയിമോൻ്റെ കൈമുട്ടുവരെ ഒരു വലിയ മുതലയുടെ വായയ്ക്കുള്ളിലാണ്. മോൻ്റെ കൈകളിലൂടെ ചോരവാർന്നൊഴുകുന്നു .മുതല വഞ്ചിയാകെ പുറകോട്ടു വലിക്കുകയാണ് .മുതലയുടെ പിടുത്തം കൂടുതൽ കയറിവരുന്നു. ജോയിമോൻ്റെ മുഴുവൻകൈയും മുതലയുടെ വായ്ക്കകത്തായിരിക്കുന്നു.
മുതല വഞ്ചിയുടെ അരികിലൂടെ വഞ്ചിക്കകത്തേക്ക് കയറാൻ ശ്രമിക്കുകകയാണ്.വഞ്ചിക്കാരൻ തുഴകൊണ്ട് മുതലയെ അടിക്കുന്നുണ്ട് .അയാളുടെ ശക്തിയേറിയ അടിയിൽ തുഴ രണ്ടായി മുറിഞ്ഞതല്ലാതെ മുതല പിടിവിടുകയുണ്ടായില്ല. മുതല വഞ്ചിയിലേക്ക് കയറുവാൻ ശ്രമിക്കുന്നതുകണ്ട വഞ്ചിക്കാരൻ പറഞ്ഞു.
"സാർ, ഇനി രക്ഷയില്ല. വഞ്ചിയാകെ മുക്കുവാൻതക്ക വലുതാണ് മുതല .എത്രയും പെട്ടെന്ന് കരയ്ക്കെത്തണം ,തുഴ പോലുമില്ല .ആ കുട്ടിയെ വിട്ടുകളയുന്നതാണ് നല്ലത്. നമുക്കവനെ രക്ഷിക്കാനാവില്ല .മാത്രമല്ല മുതല വഞ്ചിമുക്കുകയും ,നമ്മൾ കൂടി മരിക്കുകയും ചെയ്യും ".
അപ്പോൾ ഒടിഞ്ഞ തുഴ വഞ്ചിക്കാരനിൽനിന്നും വാങ്ങി അബ്രഹാം മുതലയുടെ നേർക്കടിച്ചു. എന്നാൽ ഒരു പ്രയോജനവുമുണ്ടായില്ല. വഞ്ചിയുലഞ്ഞ കൂട്ടത്തിൽ ആ തുഴ കൈയിൽ നിന്നു വെള്ളത്തിൽ വീണു. പെട്ടെന്ന് വഞ്ചിക്കാരൻ ജോയിമോനെ വഞ്ചിയിൽ നിന്നും തള്ളാൻ തുടങ്ങി.തങ്ങളുടെ മോനെ തള്ളിയിടാനാണയാൾശ്രമിക്കുന്നതെന്നറിഞ്ഞപ്പോൾ അബ്രഹാമും, റാണിയും അയാളെ തടയാൻ ശ്രമിച്ചു.
" വേറെ നിവൃത്തിയില്ല സാർ ,ഇത് വലിയ മുതലയാണ് .വഞ്ചി ഇപ്പോൾ മറിയും .മാത്രമല്ല ചോരയുടെ മണം പിടിച്ച് മറ്റ്മുതലകൾ വരാനും സാദ്ധ്യതയുണ്ട്. " വഞ്ചിക്കാരൻ അവരെ ചെറുത്തുനിർത്തി പറഞ്ഞു.
"എൻ്റെ മോൻ ....എനിക്കവനെ വേണം ,അബിയേട്ടാ...അവനെ തിരിച്ചുവേണം... " റാണിയുടെ കരച്ചിലിൽ വാക്കുകൾ മുഴുമിക്കാനായില്ല. റാണി ജോയിമോനെ രക്ഷിക്കുവാൻ ശ്രമിക്കുന്നതിനിടെ വഞ്ചിക്കാരൻ്റെമേലും മുതലയുടെ കൈകൾ അള്ളിപിടിക്കുവാനാരംഭിച്ചു. അയാൾ അതിൽ നിന്നും രക്ഷപെടുവാൻ ശ്രമം തുടങ്ങി. ഭീകരമായ യാഥാർത്ഥ്യം അബ്രഹാം തിരിച്ചറിഞ്ഞു. തനിക്കു മുമ്പിൽ വന്നിരിക്കുന്നത് ഏതാനും നിമിഷങ്ങൾക്കുള്ളിൽ തീരുമാനിക്കേണ്ടവലിയൊരു ദുഖസമസ്യയാണ്. ഒന്നുകിൽ എല്ലാവരും വഞ്ചിമറിഞ്ഞ് മരണത്തിൻ്റെ ഭീകരതയുമായി ബലപരീക്ഷണം നടത്തുക .അല്ലെങ്കിൽ തൻ്റെ മകനെ മരണത്തിന് വിട്ടുകൊടുത്തുകൊണ്ട് റാണിയേയെങ്കിലുംരക്ഷപെടുത്തുക. ചിന്തിക്കുവാനൊന്നും സമയമില്ലതാനും. അബ്രഹാം റാണിയെ ബലമായി പിടിച്ചുനിർത്തി.മുതലയുടെ അള്ളിപ്പിടുത്തത്തിൽ നിന്ന് രക്ഷപെടാൻ വഞ്ചിക്കാരനു സാധിച്ചു.
വഞ്ചിക്കാരൻ തൻ്റെ നിസഹായാവസ്ഥ പറയുന്നതു പോലെ അബ്രഹാമിനു നേരെ നോക്കി.അബ്രഹാമിൻ്റെ മുഖത്തേക്ക് ഒന്നുകൂടെ നോക്കാൻ ധൈര്യമില്ലെന്നോണം അയാൾ ജോയിമോൻ്റെ മേലുള്ള പിടിവിട്ടു. വഞ്ചിയാകെയുലച്ചുകൊണ്ട് ജോയിമോനുമായി മുതല വെള്ളത്തിനടിയിൽ അപ്രത്യക്ഷമായി.തൻ്റെ കൺമുമ്പിൽ കണ്ടത് വിശ്വസിക്കാനാവാതെ റാണി തളർന്നുവീണു.കരയുവാൻപോലും അശക്തയായതിനാലാവാം അവളുടെ ശബ്ദം പുറത്തുവന്നില്ല.

മൂന്നാഴ്ചകൾക്കപ്പുറം പള്ളിസെമിത്തേരിയിൽ നിന്നു വരികയായിരുന്ന അബ്രഹാമിനേയും, റാണിയേയും കണ്ട പുരോഹിതൻ അവരെ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു " ജോയിമോൻ സ്വർഗ്ഗത്തിൽ ദൈവത്തിനോടൊപ്പമിരിപ്പുണ്ടാകും റാണീ ,നീ ദു:ഖിക്കാതിരിക്കുക. ഇനിയുമൊരു മാലാഖക്കുഞ്ഞിനെ സർവശക്തൻ നിങ്ങൾക്ക് നൽകാതിരിക്കുകയില്ല"
"ഇനി ഒരു മകൻ ഉണ്ടായാൽക്കൂടി അത് ജോയിമോനാകുമോ അച്ചോ? അവനു പകരമാകുമോ?അവനെ നഷടപ്പെട്ടത് നഷ്ടമായി എന്നും നിലനിൽക്കും .സ്വന്തം മകനെ രക്ഷിക്കാനാവാതെ കൺമുമ്പിൽ അവനെ മരണത്തിന് വിട്ടുകൊടുക്കേണ്ടിവന്ന ശപിക്കപ്പെട്ട അമ്മയാണ് ഞാൻ " വാക്കുകൾ മുഴുമിക്കാനാവാതെ അവൾ അബ്രഹാമിൻ്റെ തോളിലേക്കുവീണു.
ജോയിമോനോടൊപ്പം വെള്ളത്തിലേക്ക്എടുത്തുചാടാൻ തുടങ്ങിയ റാണിയെ മുറുകെപ്പിടിച്ച് തടഞ്ഞ അബ്രഹാമിന് അവളുടെ മനസ്സിലെ നീറുന്ന വേദന മനസിലാകും. ഭാര്യയുടെയെങ്കിലും ജീവൻ രക്ഷിക്കാൻ മനസില്ലാമനസോടെ മകനെ മരണത്തിന് വിട്ടുകൊടുക്കേണ്ടി വന്നതിൽ കുറ്റബോധം പേറുന്ന അയാളുടെ മനസ്സാരും കണ്ടില്ല. അതെ 'നഷ്ടങ്ങൾ എന്നും നഷ്ടങ്ങൾ തന്നെയാണ് .ആർക്കും പകരമാവാൻ ഒരാൾക്കുമാവില്ല. ശ്രേഷ്ഠമായ മറ്റൊരാൾ വന്നാലും നഷ്ടങ്ങൾ സ്ഥിരമാണ് ,അത് മാറ്റാനാവില്ല '.അവർ വീടു ലക്ഷ്യമാക്കി നടന്നുനീങ്ങി. മറ്റൊരു വഴിയും അവർക്കു മുമ്പിൽ ഉണ്ടായിരുന്നില്ല.

:: ധനിഷ് ആൻ്റണി


Labels:



Leave A Comment:

Powered by Blogger.