മരണത്തിൻ്റെ മരണം-ധനിഷ് ആൻ്റണി



മരണത്തിൻ്റെ മരണം
(ചെറുകഥ:fiction)
" അദ്ദേഹം ഇതിനു സമ്മതിക്കുമോ?" മനസ്സിനെ ദീർഘസമയമായി മഥിച്ചുകൊണ്ടിരുന്ന ചോദ്യം ഒരു സംശയരൂപേണ അയാൾ തൻ്റെ സഹപ്രവർത്തകനോട് ചോദിച്ചു.
" വ്യക്തമായി പറയുവാനാകില്ല. അദ്ദേഹം പ്രത്യേകസ്വഭാവക്കാരനാണെന്നാണ് ആളുകൾ പറയുന്നത്. എല്ലാവരും ടിവി, പത്രമാധ്യമങ്ങളിലൊക്കെ നിറഞ്ഞുനിൽക്കുവാൻ പെടാപ്പാട് പെടുമ്പോൾ അവരിൽനിന്നകന്നുനിൽക്കുവാനാണിദ്ദേഹം ശ്രമിച്ചിട്ടുള്ളത്. സാധാരണ സെലിബ്രിറ്റികളെപ്പോലെ എന്തിനും ,ഏതിനും അഭിപ്രായമോ ,മണ്ടത്തരമോ പറയുന്നതുപോയിട്ട് വളരെയധികം ആവശ്യമുള്ളഘട്ടങ്ങളിൽപോലും തൻ്റെ രചനകൾകൊണ്ടാണദ്ദേഹം അഭിപ്രായം പ്രകടിപ്പിക്കാറുള്ളത്. ജ്ഞാനപീഠമല്ലേ, ജ്ഞാനപീഠം. ശരിക്കും ആ പേരിനർഹനാണദ്ദേഹം. ജ്ഞാനം കുടിയിരിയിരിക്കുന്നയാൾ .
"ചെറുതായി ആകാംക്ഷയുണ്ടോ?'
" അങ്ങനെ ചോദിച്ചാൽ... ഇല്ലാതില്ല. എന്നാൽ നമ്മൾ ഇതിനോടകം ഇതുപോലെ പ്രശസ്തരായ എത്രയാളുകളെ കണ്ടിരിക്കുന്നു. ഈ പദ്ധതിപ്രകാരം ഇന്ത്യയിൽനിന്നുമാത്രം എട്ടുപേർ. അതിൽ ആറുപേരെയും നമ്മൾ രണ്ടാളുകൾ തന്നെയല്ലേ സമ്മതിപ്പിച്ചത് .ഇതുവരെയും ഒരാളും സമ്മതിക്കാതെവന്നിട്ടുമില്ല.
" അതുപോലെയല്ലിത്. ഇദ്ദേഹം വ്യത്യസ്തചിന്താഗതിക്കാരനാണ്. കാലത്തിനുമുമ്പേ സഞ്ചരിക്കുന്ന ചിന്തകൾ. ആരും കാണാത്ത അർത്ഥതലങ്ങൾ കണ്ടറിഞ്ഞയാൾ .ഒരു തലമുറയെത്തന്നെ ചിന്തിക്കാൻ പഠിപ്പിച്ചയാൾ. രാഷ്ട്രീയ, സാമൂഹ്യമാറ്റങ്ങൾക്ക് ആശയം നൽകിയയാൾ, എങ്കിലും ശാന്തപ്രകൃതിയാണെന്നാണ് അടുത്തറിഞ്ഞിട്ടുള്ളവർ പറയാറുള്ളത് "
" നമുക്ക് ശ്രമിക്കാം. പക്ഷേ സമ്മതിച്ചില്ലെങ്കിൽക്കൂടെ ഈ രഹസ്യപദ്ധതി പുറംലോകത്തിനു വെളിപ്പെടുത്താതിരുന്നാൽ മതിയായിരുന്നു. അങ്ങനെയൊന്നുണ്ടായാൽ നമുക്കുതിരികെചെന്ന് എന്തമറുപടിയാണ് നൽകുവാൻ സാധിക്കുക."
" ഈ നൂറ്റാണ്ടിലെതന്നെ ഏറ്റവും മിടുക്കനായ ശാസ്ത്രജ്ഞനാണ് നിക്കളോവ്സ്കി സാർ. ഇതിനൊക്കെ അദ്ദേഹം എന്തെങ്കിലും വഴികാണാതെ നമ്മളെ ഇങ്ങോട്ടയയ്ക്കുമോ? "
അവർ രണ്ടുപേരും ഓടിട്ട ഒരു പഴയവീടിൻ്റെ മുമ്പിലെ മണിയടിച്ചു. മകളോ ,വേലക്കാരിയെന്നോ തിരിച്ചറിയാനാകാത്ത ഒരുയുവതി വാതിൽ തുറന്നു .മുൻകൂട്ടി അറിയിച്ചിരുന്നതിനാൽ പെട്ടെന്നതന്നെ എൺപതുപിന്നിട്ട ചിന്തകനെ അവർക്ക് കാണുവാനായി. തങ്ങളാരാണെന്ന് വെളിപ്പെടുത്തിയ അവർ ആ വൃദ്ധചിന്തകനുമായി ഏകദേശം ഒരു മണിക്കൂർ ചർച്ചനടത്തിയശേഷം പുറത്തിറങ്ങി തങ്ങളുടെ ആഡംബരവാഹനത്തിൽകയറി യാത്രയായി.
ഇരുപത്തിരണ്ടുമണിക്കൂർ സമയത്തെ ദീർഘമായവിമാനയാത്രയ്ക്കുശേഷം അവർ തങ്ങൾ പുറപ്പെട്ട സ്ഥലത്ത് തിരിച്ചെത്തി.
"എന്താ എല്ലാക്കാര്യങ്ങളും ശരിയായില്ലേ? എല്ലാവരും ഇത് രഹസ്യമാക്കിവയ്ക്കാമെന്നും സമ്മതിച്ചില്ലേ?''
" ഉവ്വ്. ഏഴുപേർക്കും സമ്മതം. ആരുമറിയുകയില്ല. അവരുടെ വീട്ടുകാർപോലും. എന്നാൽ ദർശൻ സാർ ഇതിൽ താൽപര്യം കാണിച്ചില്ല " .
" അദ്ദേഹത്തിന് ജീവനിൽ കൊതിയില്ലേ? അപ്പോൾ ഇത് പുറംലോകത്തെ അറിയിക്കുവാൻ അദ്ദേഹം ശ്രമിക്കുമെന്നാണോ നിങ്ങൾ പറയുന്നത്?''
" അങ്ങനെ പേടിക്കേണ്ടതില്ല. ഇക്കാര്യം പുറത്താരുമറിയുകയില്ലെന്ന് അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ നമ്മുടെ പദ്ധതിയിൽ ഉൾപ്പെടുന്ന കാര്യത്തിൽ അദ്ദേഹം വിസമ്മതിക്കുകയാണുണ്ടായത് . ഇരുപതാംനൂറ്റാണ്ടിലെ പ്രശസ്തശാസ്ത്രജ്ഞൻ ഐൻസ്റ്റീ നെപ്പോലെ കൃത്രിമമായി ജീവിതം നീട്ടേണ്ടതില്ലെന്നും ,ഈ ജീവിതത്തിൽ ചെയ്യുവാനുള്ളതൊക്കെ ചെയ്തുതീർന്നുവെന്നുമൊക്കെയുള്ള രീതിയിലായിരുന്നു സംസാരം ."
"ഐൻസ്റ്റീൻ അന്ന് അങ്ങനെ ഒരു തീരുമാനത്തിലെത്തിയതിൻ്റെ ദൂഷ്യഫലമറിയാമല്ലോ? അന്നൊരു ശസ്ത്രക്രിയ നടത്തുവാൻ അദ്ദേഹം വിസമ്മതിച്ചു. എത്ര കഴിവുള്ള തലച്ചോറാണ് ലോകത്തിനുനഷ്ടമായത്. മരിച്ചയാളുടെ തലച്ചോറുംവച്ച് ഉപ്പുഭരണിയിൽ പരീക്ഷണം നടത്തുവാൻ തുടങ്ങിയിട്ട് രണ്ടു നൂറ്റാണ്ടുകളായി. ഒന്നും സംഭവിച്ചില്ല. ഇരുപതാംനൂറ്റാണ്ടിലെ വ്യവസായപ്രമുഖൻ ജോബ്സ്, കഴിഞ്ഞനൂറ്റാണ്ടിലെ ജോഷ്വാ, സാഹിത്യകാരൻ വിൽമോട്സ് ,ചിന്തകൻ അലക്സാൻട്രോ ,ശാസ്ത്രജ്ഞ റോസ് ലിൻ എത്രപേരാണ് നമുക്ക് നികത്താനാവാത്ത നഷ്ടമായിപ്പോയത്. അതുകൊണ്ടാണ് ഈ ലോകത്തിനാവശ്യമായ ചിന്തകർ ,ശാസ്ത്രജ്ഞർ തുടങ്ങിയവരയൊക്കെയും മരണത്തിൽനിന്നുരക്ഷിക്കുക എന്ന ഈ ബൃഹദ്പദ്ധതിക്ക് തുടക്കമായത് .ആയുധവൽക്കരണത്തിനായി മുമ്പന്തിയിലെ അഞ്ചുരാജ്യങ്ങൾ ചിലവഴിക്കുന്നതിനേക്കാൾ കൂടിയ തുക ഇതിനായി ചിലവഴിച്ചുകഴിഞ്ഞു.
എൺപത്തിമൂന്നുരാജ്യങ്ങളുടെ പങ്കാളിത്തം ,ആയിരക്കണക്കിന് ശാസ്ത്രജ്ഞർ, ബയോളജിസ്റ്ററ്റുകൾ ,പതോളജിസ്റ്റുകൾ,ഡോക്ടർമാർ തുടങ്ങിയവർ മൂന്നുദശകമായി പ്രവർത്തിച്ചതിൻ്റെ ഫലമായാണ് നമ്മൾ ഇന്നിവിടെ എത്തിച്ചേർന്നത്. ഇതിൻ്റെ നേതൃത്വം നൽകിയ നിക്കളോവ്സ്കിയിൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിക്കഴിഞ്ഞു. ഇന്നേവരെ മനുഷ്യന് അറിയപ്പെട്ട എല്ലാരോഗങ്ങൾക്കും പ്രതിമരുന്ന് അദ്ദേഹത്തിൽ ഇന്നുണ്ട്. മാത്രമല്ല വയസ്സായി മരിക്കുന്നത് തടയുവാൻ പുതുകോശങ്ങൾ പുനർജനിക്കുന്ന കൃതിമസംവിധാനവും. മരണത്തെ നമ്മൾ വരുതിയിലാക്കിക്കഴിഞ്ഞു. ഇനി ഈലോകത്ത് അത്യാവശ്യമായി സംരക്ഷിക്കേണ്ടമനുഷ്യരെ ഇതിലുൾപ്പെടുത്തുക ,ബോംബുപോലെയുള്ള മറ്റപകടങ്ങളിൽനിന്നവർക്ക് പ്രതിരോധശക്തി നൽകുന്ന രണ്ടാംഘട്ടത്തിലേക്ക് പദ്ധതിയെത്തിക്കുക എന്നതുമാത്രമാണ് ബാക്കിയുള്ളത്. നിങ്ങൾ ദർശൻ സാറിനോട് ഇത് ഇരുനൂറ്പേർക്കു മാത്രം നൽകുന്ന പദ്ധതിയാണെന്നുപറഞ്ഞില്ലേ?
"ഉവ്വ് .മൊത്തം ഭൂമിയിൽ ഇരുനൂറ്റിമൂന്നുപേർ മാത്രമേ ഇതിൽ ഉൾപ്പെട്ടിട്ടുള്ളൂവെന്ന് ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞിരുന്നു"
" ശരി നിങ്ങൾ മറ്റുരാജ്യങ്ങളിൽ ഇനി ചെയ്യുവാനുള്ള കാര്യങ്ങൾ എന്താെക്കയെന്ന് നോക്കുക . പരീക്ഷണവിധേയനായ ശേഷമുള്ള നിക്കോളോവ്സ്കിയുടെ ആദ്യസമ്മേളനത്തിന് അടുത്തയാഴ്ചയെത്തിച്ചേരുക ."
ഒരാഴ്ചയ്ക്കുശേഷം ചരിത്രത്തിലാദ്യമായി ഭാഗികമായെങ്കിലും മരണത്തെ കീഴടക്കിയ മനുഷ്യൻ്റെ നേതൃത്വത്തിൽ ചർച്ചനടന്നു.
" ഈ ലോകത്തിൽ ഇരുനൂറ്റി രണ്ടുപേരും, ഞാനുമാണ് രോഗങ്ങൾ ,കോശങ്ങളുടെ വാർദ്ധക്യം ,അവയവങ്ങളുടെ പ്രവർത്തനരാഹിത്യം മുതലായ കാരണങ്ങളിലൂടെ മരണംവരുന്നത് തടഞ്ഞിരിക്കുന്നത്. വളരെ സൂക്ഷ്മമായ പരിശോധയ്ക്കും ,വിദഗ്ദാഭിപ്രായത്തിനുംശേഷമാണിവരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത് .ഈ പദ്ധതി പുറത്തറിയുകയോ ,അനർഹരുടെ കൈകളിൽ എത്തിപ്പെടുകയോ അരുത് .അഥവാ അങ്ങനെ ഒരു സംശയം നാളുകൾക്കുശേഷം ആളുകളിൽ ഉണ്ടായാൽ വെറുമൊരു ഗൂഢാലോചനാസിദ്ധാന്തമാണിതെന്ന് സ്ഥാപിക്കുവാൻ ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന രാജ്യങ്ങളിലെ ഭരണകൂടങ്ങൾ ഏർപ്പാട് ചെയ്തിട്ടുണ്ട്. "
തൻ്റെ പുറകിലുള്ള ഭൂപടം തെളിയുന്ന വലിയ മോണിട്ടർ ചൂണ്ടിക്കാട്ടി അയാൾ തുടർന്നു
"ഈ മോണിട്ടർ വഴി പദ്ധതിയിലുൾപ്പെട്ടവരുടെ മാനസിക ,ശാരീരികനിലയും അതിൻ്റെ വ്യതിയാനങ്ങളും തത്സമയം ഈ പദ്ധതിയുടെ പിന്നണിപ്രവർത്തകർക്ക് ലോകത്തെവിടെനിന്നും അറിയാനാകും". നീണ്ട ചർച്ചകൾക്കും ,സംശയദൂരീകരണത്തിനുമൊടുവിൽ സമ്മേളനം പിരിഞ്ഞു.
മാസങ്ങൾ കടന്നുപോയി. പല രാജ്യങ്ങളിലും പദ്ധതിയുടെ ഭാഗമായി കൂടുതൽ ആളുകളെ ചേർക്കണമെന്ന ആവശ്യമുയർന്നു. സിനിമാതാരങ്ങൾ, കായികതാരങ്ങൾ തുടങ്ങി പലരെയും രാജ്യങ്ങളുടെ സമ്മർദ്ദഫലമായി പദ്ധതിയിലുൾപ്പെടുത്തി. പദ്ധതിയുടെ സങ്കീർണതകൾകുറച്ച് ശാസ്ത്രജ്ഞരല്ലാത്തവർക്കും കൈകാര്യം ചെയ്യത്തക്കവിധം ലഘൂകരിക്കപ്പെടുകയും ,അതാത് രാജ്യങ്ങളുടെ മേൽനോട്ടത്തിൽ നടത്തിക്കുവാൻ തീരുമാനിക്കപ്പെടുകയും ചെയ്തു.
ഏതാനും മാസങ്ങൾക്കു ശേഷം പ്രമുഖരാജ്യങ്ങളുടെ സമ്മേളനത്തിൽ പദ്ധതിയുടെ നേർക്ക് ആരോപണങ്ങളുയർന്നു. പദ്ധതി വിഭാവനം ചെയ്യാത്ത മനുഷ്യരും ഗുണഭോക്താക്കളാവുകയും അത് ഓരോരാജ്യത്തെയും ക്രമസമാധാന ,സാമൂഹിക ,സാമ്പത്തികമേഖലകളെ തകിടം മറിക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം .നിക്കളോവ്സ്കി നേരിട്ട് മറുപടി പറയാനെത്തി.
"നിങ്ങൾ പറഞ്ഞത് വാസ്തവമാണ് .ഞങ്ങളുടെ കണക്കു പ്രകാരം സമ്പന്നരായവ്യക്തികൾ, ഉയർന്ന സർക്കാരുദ്യോഗസ്ഥർ മുതൽ അധോലോകസംഘങ്ങൾ വരെ ഈ പദ്ധതിയുടെ ഗുണങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് .ഈ പദ്ധതിയുടെ ഭാഗമായി ഞങ്ങളുടെകൂടെനിന്നു പ്രവർത്തിച്ചവരും ,ചിലരാജ്യങ്ങളിലെ നേതാക്കൻമാരും അവരുടെ സ്വാർത്ഥതാൽപര്യത്തിനും ,സാമ്പത്തികനേട്ടത്തിനുമായി അനർഹരെ ഇതിലുൾപ്പെടുത്തുകയുണ്ടായി .അതിനാൽ പദ്ധതിയുടെ രണ്ടാംഭാഗം നിറുത്തിവച്ചുകഴിഞ്ഞു "
" നിങ്ങളുടെ പദ്ധതിയിൽപ്പെട്ട മരിക്കാത്ത രാഷ്ട്രീയക്കഴുതകൾ മനുഷ്യരെ പട്ടിണിക്കിട്ടുകൊന്ന് സമ്പന്നരാകുന്നത് നിങ്ങളറിയുന്നുണ്ടോ മിസ്റ്റർ ?" ഒരു രാഷ്ട്രപ്രതിനിധി അലറി.
"അധോലോകപ്രവർത്തനങ്ങൾ, രാഷ്ട്രീയക്കാരുടേയും ,സർക്കാരുദ്യോഗസ്ഥരുടേയും അഴിമതി ,ദുർഭരണം തുടങ്ങിയവ പതിന്മടങ്ങ് വർദ്ധിച്ചു. സമ്പന്നർ മരണമുള്ളവരെ അടിമകളാക്കിവച്ച് മരണമില്ലായ്മ ആസ്വദിക്കുകയാണ്. അടിമത്തംകൊണ്ടുമാത്രം സൃഷ്ടിക്കപ്പെടുന്ന പട്ടിണി ലക്ഷക്കണക്കിനാളുകളെയാണ് ദിനംപ്രതി ഇല്ലാതാക്കുന്നത്. ഏകദേശം ഇരുപതുലക്ഷത്തോളം ആളുകൾ ഇന്ന് മരണമില്ലാത്തവരായി ഭൂമിയിലുണ്ട് .മാത്രമല്ല ,ഞങ്ങളുടെ പദ്ധതിപ്രകാരമുള്ള ഇരുനൂറുപേരും ഇപ്പോൾ നരാധമൻമാരായി മാറിക്കഴിഞ്ഞിരിക്കുന്നു. അവരുടെ കഴിവുകൾ തിൻമയ്ക്കായി വിനിയോഗിക്കുന്നു."നിക്കളോവ്സ്കി സത്യം തുറന്നുപറഞ്ഞു.
"എത്രയും വേഗം ഇതിനൊരു പരിഹാരമുണ്ടാകണം " എല്ലാവർക്കുമിങ്ങനെ ഒരഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്.
" പൂർണ്ണമായും മരണാതീതരല്ല ഇവരാരും .ബോംബ് പോലുള്ള ആക്രമണങ്ങൾ ,രക്തം വാർന്നുള്ള മരണം തുടങ്ങിയവ പദ്ധതിയുടെ ഒന്നാംഘട്ടത്തിൽപ്പെട്ടിരുന്നില്ല.എന്നാൽ ബോംബിങ് മുതലായ മാർഗ്ഗങ്ങൾ ഉപയോഗിച്ചാൽ ഒരുതെറ്റുംചെയ്യാത്തവരെക്കൂടെ മരണത്തിനു വിട്ടുകൊടുക്കേണ്ടി വരും .പദ്ധതിയുടെ തുടക്കംമുതൽ ഇത്തരമൊരവസ്ഥയുണ്ടായാൽ എന്തുചെയ്യണമെന്നകാര്യവും ഞാൻ പരിഗണിച്ചിരുന്നു. അതിനാൽത്തന്നെ മരണമില്ലായ്മ അനുഭവിക്കുന്നവരെ മാത്രം ബാധിക്കുന്ന രോഗാണുക്കൾ ഞങ്ങൾ വികസിപ്പിച്ചെടുത്തു .നിങ്ങൾ ഓരോരുത്തരും സ്വന്തംരാജ്യങ്ങളിൽ തിരിച്ചെത്തുമ്പോഴേക്കും അവ അവിടെ വ്യാപിച്ചിട്ടുണ്ടാകും "
എല്ലാവരും ആശ്വാസത്തോടെ അവിടം വിട്ടിറങ്ങി.
രണ്ടാഴ്ചയ്ക്കുശേഷം മോണിട്ടറിൽ അവശേഷിക്കുന്ന ചെറിയൊരു പൊട്ട് താനാണെന്ന് നിക്കളോവ്സ്കി മനസ്സിലാക്കി. പ്രമുഖരുടെ പെട്ടെന്നുള്ള മരണം പുതിയ ഗൂഡാലോചനാസിദ്ധാന്തത്തിനു ജന്മം നൽകി.
ലോകത്തിൻ്റെ മറ്റൊരു കോണിൽ ഓടിട്ട ചെറിയവീട്ടിലിരുന്ന് എൺപതുകൾ പിന്നിട്ട വൃദ്ധൻ അന്ന് താനയച്ച പ്രതിനിധികളോട് പറഞ്ഞത് സത്യമായിരുന്നുവെന്ന് നിക്കളോവ്സ്കി ഓർത്തു .അതേ ,മരണമില്ലായ്മ അരക്ഷിതാവസ്ഥയാണ് ,അസന്തുലിതാവസ്ഥയാണ് .മരണത്തിൻ്റെ മരണം ധാർമ്മികതയുടെകൂടെ മരണമാണ് .താൻ സൃഷ്ടിച്ച രോഗാണുവിൻ്റെ ചില്ലുപാത്രം ഉടച്ചു കൊണ്ടയാൾ മരണത്തെ കാത്തുകിടന്നു.
:: ധനിഷ് ആൻ്റണി

Labels:



Leave A Comment:

Powered by Blogger.