അയ്യോ-Abhiram Vasudev



അയ്യോ
=====================================
നെറ്റിയിലെ ഉന്തി നിൽക്കുന്ന മുഴയിലേക്കായിരുന്നു എന്റെ ശ്രദ്ധ മുഴുവൻ.ഒന്നല്പം മാറിയാണ് കൊണ്ടിരുന്നതെങ്കിൽ ഇന്നീ മുഴയുടെ സ്ഥാനത്ത് വിനുവിന്റെ ഒരു കണ്ണ് നഷ്ടപ്പെടുമായിരുന്നു.കണ്ണിൽ കൊള്ളേണ്ടത് പുരികത്ത് കൊണ്ടു എന്ന് പഴമക്കാർ പറയുന്നതെത്രയോ ശരി.റോഡ് നിയമങ്ങൾ ഉണ്ടാക്കി വച്ചിരിക്കുന്നത് പാലിക്കാൻ വേണ്ടിയാണ്.അല്ലാതെ നല്ല സുന്ദരികൾ എന്റെ മുഖം കാണട്ടെ എന്ന് വിചാരിച് ഹെൽമെറ്റ് വയ്ക്കാതെ ബൈക്ക് ഓടിച്ചോണ്ട് പോയാൽ ഇങ്ങനെ പലയേറും കിട്ടിയെന്നിരിക്കും.പ്രത്യേകിച്ചും മുതലകൊടം പള്ളിയുടെ ഭണ്ഡാരകുറ്റിയുടെ മുന്നിലൂടെ പോകുമ്പോൾ.അത്യാവശ്യം നല്ല തിരക്കുള്ള സ്‌റ്റോപ്പിന്നടുത്തായിരുന്നു മുതലകൊടം മുത്തപ്പന്റെ പള്ളിയും ഭണ്ഡാരകുറ്റിയും സ്ഥിതിചെയ്യുന്നത്.ഞങ്ങൾ തൊടുപുഴകാർക്ക് ജാതിമത ഭേദമന്യേ മുതലകൊടം മുത്തപ്പനും ആ പള്ളിയും നല്ല വിശ്വാസമാണ്.ആയതിനാൽ ആ വഴി പോകുമ്പോൾ ഒരു വിശ്വാസിയും ഒന്ന് വണങ്ങാതെയും നേർച്ചയിടാതെയും കടന്ന് പോകുന്നത് വിരളമാണ്.അതിപ്പോൾ ബസ് യാത്രകാരനായാലും കാർ യാത്രകാരനായാലും ബൈക്ക് യാത്രകാരനായാലും കാൽ നടകാരനായാലും മുത്തപ്പനുള്ള നടവരവ് ഭണ്ഡാരത്തിലേക്ക് വലിച്ചെറിഞ്ഞുകൊണ്ടേയിരിക്കും.ചില ബസുകൾ വന്ന് സ്റ്റോപ്പിൽ നിർത്തുമ്പോൾ കേൾക്കാം ചിലപിൽച്ചിൽ എന്ന ചില്ലറപൈസകൾ റോഡിലേക്ക് വലിച്ചെറിയുന്ന ശബ്ദം.അങ്ങനെ തെറിച്ചു റോഡിൽ വീഴുന്ന പൈസകൾ ഒരെണ്ണവും നഷ്ടപ്പെടാതിരിക്കാൻ നീളത്തിലുള്ള വടിക്കറ്റത്ത് കാന്തം വച്ചുകെട്ടി കാക്കി വസ്ത്രവും ധരിപ്പിച് ഒരു വയസ്സായ വെല്ലുപ്പനെ ശമ്പളത്തിൽ നിർത്തിയിട്ടുണ്ട് പള്ളിക്കാർ.അദ്ദേഹമാണെങ്കിൽ വെയിലെന്നോ മഴയെന്നോയില്ലാതെ ഓരോ വണ്ടികൾ കടന്ന് പോകുമ്പോൾ കാന്തം പിടിപ്പിച്ച വടിയും കുത്തിപിടിച് റോഡിലേക്കിറങ്ങും.കടന്നുപോയ വണ്ടികളിൽ ഇരിക്കുന്ന ഓരോ വിശ്വാസികളുടെയും പരാതികളും പരിഭവങ്ങളുമായിരുന്നു ആ റോഡിൽ ചിതറി കിടക്കുന്നത്.പരാതികളെല്ലാം പെറുക്കിയെടുത്ത് മുത്തപ്പന്റെ ഭണ്ഡാരത്തിലേക്കയക്കുന്ന ഒരു ഇടനിലകാരനായിരുന്നു ആ വെല്ലുപ്പൻ.
തൊട്ടപ്പുറത്തായി യാചക നിരോധിത മേഖല എന്നെഴുതിയ ബോർഡ് കാണുമ്പോൾ ഉള്ളിൽ ചിരിവരും.
കുറെ കോളേജ് പിള്ളേരെയും മറ്റു യാത്രക്കാരെയും കുത്തിനിറച്ചുകൊണ്ട് പഞ്ചമി ബസ് ചീറിപ്പാഞ്ഞു വരുന്നുണ്ട്.അത് മുത്തപ്പന്റെ ഭണ്ഡാരകുറ്റിക്കരികിലായി വന്നു നിന്നപ്പോൾ പരാതികളുടെയും പരിഭവങ്ങളുടെയും ചില്ലറകൾ റോഡിലേക്ക് പതിഞ്ഞെങ്കിലും ചിലരുടെ ചില്ലറകൾ ഉരുണ്ടുരുണ്ട് അഴുക്കുചാലിലേക്കാണ് പതിച്ചത്.അതൊന്നും സാരമില്ലാന്നെ മുത്തപ്പനുള്ളത് ഞാൻ വലിച്ചെറിഞ്ഞിട്ടുണ്ട് പറഞ്ഞകാര്യമങ്ങു നടത്തി തന്നാൽ മതി.
ആ സ്റ്റോപ്പിൽ നിന്നും ആൾക്കാരെയെല്ലാം കയറ്റി കിളി മണിയടിച്ചപ്പോൾ പഞ്ചമി ബസ് പതിയെ മുന്നോട്ടുരുളാൻ തുടങ്ങി.പെട്ടന്നായിരുന്നു ബസ്സിന്റെ മുൻസീറ്റിൽ നിന്നും വെളുത്തുമെലിഞ്ഞ കുപ്പിവളയിട്ട കൈ പുറത്തേക്കുയരുന്നത് കണ്ടത്. പഞ്ചമി ബസ്സിന്റെ എതിർ ദിശയിൽ നിന്നും വിനുവും തന്റെ ബൈക്കും ചീറിപാഞ്ഞു വരുന്നുണ്ടായിരുന്നു.സ്വാഭാവികമായും ബസ്സിനുള്ളിലിരിക്കുന്ന കളറിട്ട കിളികളെ കണ്ടതിനാലായിരിക്കാം വിനുവിന്റെ വലതു കൈയുടെ പിരിയൊന്ന് കൂടിയത്.ആ പിരി കുപ്പിവളയിട്ട മെലിഞ്ഞ കൈയിൽ നിന്നും അന്തരീക്ഷത്തിൽ പറന്നുനിന്ന അഞ്ചു രൂപ തുട്ടിനെ വിനു തന്റെ തിരു നെറ്റികൊണ്ട് തട്ടിത്തെറിപ്പിച് നീങ്ങിയപ്പോൾ ഒരേയൊരു ശബ്ദമേ അവിടെ ഉണ്ടായിട്ടുള്ളൂ.അത് വിനുവിന്റെ വായിൽ നിന്നും അറിയാതെ ഉയർന്ന അയ്യോ എന്ന വിളിയായിരുന്നു.
എതിർദിശയാൽ കിട്ടിയ ഏറും കടുത്ത വേദനയും നല്ല ഗമയിൽ ചെത്തിവന്ന വിനുവിനെ അവിടെയെങ്ങും നിർത്താതെ ഇങ്ങിവിടെ കണ്ണാടിക്കുമുന്നിൽ എത്തിച്ചത് ആ കുപ്പിവളയിട്ട വെളുത്ത കൈകളാണെന്ന് അവർക്കറിയില്ലല്ലോ മുത്തപ്പാ......
Abhiram Vasudev

Labels:



1 Response to "അയ്യോ-Abhiram Vasudev"

Leave A Comment:

Powered by Blogger.