പുതുപുത്തൻ നാട്ടിൽ ഞാൻ തനിയെ
============================
പുറത്ത് കലപിലാന്നുള്ള വിരസമായ ശബ്‌ദങ്ങൾ എന്നെ ഉറക്കത്തിൽ നിന്നും ഉണർത്തി.ചങ്കത്തുനിന്നും വായിച്ചുവച്ച തകഴിയുടെ തോട്ടിയുടെ മകൻ എന്ന നോവൽ എടുത്ത് ഞാൻ സീറ്റിൽ വച്ച് നിവർന്നിരുന്നുകൊണ്ട് പുറത്തേക്ക് നോക്കിയപ്പോൾ ആരൊക്കെയോ ഇട്ടോടിക്കുന്നത് പോലെ കുറെ ജനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും എന്നില്ലാതെ പെട്ടികൾ ചുമന്നുകൊണ്ടും വലിച്ചുകൊണ്ടും ഓടി നടക്കുന്നത് കണ്ടു.അപ്പോളവിടെ കാറ്റത്ത് പാറിപറക്കുന്ന മുടിയുള്ള രണ്ട് സുന്ദരി മഹിളകൾ ബാഗും വലിച്ചുകൊണ്ട് പോകുന്നത് കണ്ടപ്പോൾ പണ്ട് കേബിൾ ടീവിയിൽ പത്താം നമ്പർ ചാനൽ വയ്ക്കുമ്പോൾ ഒരു താല്പര്യവും ഇല്ലാത്തപോലെ കുറെ ചേച്ചിമാർ മുന്നോട്ട് നടന്ന് വന്ന് അതേപടി തിരിച്ചു പോകുന്ന പരുപാടിയെ ഞാൻ ഒരു നിമിഷം ഓർത്തുപോയി.അങ്ങനെ നോക്കിനിൽക്കുമ്പോളായിരുന്നു അവർക്ക് പിന്നിലായി സിൽവർ പെയ്ന്റോടുകൂടിയ ഇരുമ്പിന്റെ തൂണിൽ ചതുരത്തിലുള്ള ബോർഡ് ശ്രദ്ധിച്ചത്.അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.
...ന്യൂ ഡൽഹി ജംക്ഷൻ റെയിൽവേ സ്റ്റേഷൻ...
എന്റെ സിവനേ... കാളിയാർ പള്ളിപെരുന്നാളിന് കൊട്ടുന്ന ബാൻഡ് മേളം പോലെയായിരുന്നു ആ നിമിഷത്തെ എന്റെ ചങ്കിടിപ്പ്.കേരള എക്സ്പ്രസ്സ് ന്യൂ ഡൽഹിയിൽ എത്തിയിരിക്കുന്നു കൃത്യം 14:45 ന്.അതായത് ഒന്നേകാൽ മണിക്കൂർ ട്രെയിൻ ലേറ്റ്.ഞാൻ വെപ്രാളത്തിൽ ചാടിയെണീറ്റ് തോട്ടിയുടെ മകൻ ഒക്കെ ബാഗിലിട്ട് ചാടിയിറങ്ങി.വിജനമായ ഒരിടം.ട്രെയിൻ വന്ന് നിന്ന് നിമിഷങ്ങൾ കൊണ്ട് പതിനാറാം നമ്പർ പ്ലാട്ഫോം കാലിയായിരിക്കുന്നു.കുറച് കച്ചവടക്കാരും പ്ലാസ്റ്റിക് കുപ്പികൾ പിറക്കി നടക്കുന്ന നാളെയുടെ വകദാനങ്ങളും അല്ലാതെ അവിടാരുമില്ലാ.പെട്ടിയും വലിച്ചുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്ന് ഒരുവിധത്തിൽ ഞാൻ ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷന്റെ മുൻവശത്തുകൂടി പുറത്തേക്കിറങ്ങി.സമയം വൈകിയിരിക്കുന്നു 15:30ന് അതായത് 03:30 ന് ട്രെയിൻ ഓൾഡ് ഡൽഹിയിൽ നിന്നും പുറപ്പെടും. ഇവിടന്നിനി എത്ര ദൂരം ഉണ്ടോ എന്തോ.
എനിക്കാണെ ഈ നാട് പുതുപുത്തൻ.മാത്രമല്ല വയറ് കത്തുന്ന വിശപ്പുമുണ്ട്.പട്ടാളത്തിൽ ജോലിയുള്ള ദിനേശൻ ചേട്ടന്റെ ഭാര്യ ഓമനേച്ചി പറഞ്ഞത് വച്ച് നോക്കുമ്പോൾ റെയിൽവേ സ്റ്റേഷന്റെ മുൻവശത്തെ റോഡിന് സമീപം ഒരു കേരള ഹോട്ടൽ ഉണ്ടെന്നാണ്.അപ്പോളവിടെ പോകാം പക്ഷെ ഇരുന്ന് കഴിക്കാൻ നേരമില്ല പാർസൽ വാങ്ങി ഇറങ്ങേണ്ടിവരും.പുതുപുത്തൻ സ്ഥലമായത് കൊണ്ടാവാം ഞാനെങ്ങോട്ട് തിരിയണമെന്നുള്ളത് വരെ ഓമനേച്ചിയുടെ സ്വന്തം കൈപ്പടയിൽ എഴുതി അടയാളപ്പെടുത്തിയ പേപ്പർ ചേച്ചി തന്നെ എന്റെ പോക്കറ്റിലിട്ട് തന്നത്.അയൽവക്കത്തുള്ള ചേച്ചിയാണെങ്കിലും ആ ചേച്ചിക്കെന്നാ ഒരു സ്‌നേഹാ എന്നോട്.മലയാളികൾ ഇങ്ങനെയായിരിക്കും. അതുപോലെ ഒരു മലയാളി എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ ഈ നെഞ്ചിലെ ഇടിയുടെ ആഖാതം ഒന്ന് കുറയ്ക്കാമായിരുന്നു.
അങ്ങനെ ചിലതെല്ലാം ചിന്തിച്ചുകൊണ്ട് റെയിൽവേ സ്റ്റേഷനിൽ നിന്നും റോഡിനെതിർവശത്തുള്ള കേരള ഹോട്ടലിലേക്ക് ഞാൻ നീങ്ങി.തോളത്ത് സാമാന്യം സാധനങ്ങൾ നിറച്ച ഒരു ബാഗും വലതു കൈയിൽ പരമാവതിയിൽ പരമാവതി സാധനങ്ങൾ കുത്തിയിറക്കിയ ഒരു ട്രോളി ബാഗും.
"ഓ വല്യ ബുദ്ധിമുട്ടാട്ടോ നടക്കാൻ"
അതിന്നിടയിൽ ട്രാവൽ ഏജൻസി ലോഡ്ജ് എന്ന് പലതിന്റെയും ഏജന്റ്മാർ വന്ന് നമ്മളെ ചുറ്റും,ഓട്ടോറിക്ഷ മുതലുള്ള ടാക്സി ഡ്രൈവർമാർ വേറെയും.എല്ലാവരെയും ഒന്നൊഴുവാക്കി ഹോട്ടലിലേക്ക് പോകുക എന്നുള്ളത് വല്യ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാ. എനിക്കാണെ ഒരുവാക്ക് മിണ്ടിപറയാൻ ഒരു മലയാളി കൂടെയില്ലാത്തതിന്റെ വല്ല്യ ദുഃഖം വേറെ.
റോഡ് മുറിച്ച് അപ്പുറം കടന്നതും ദാ കിടക്കണു കൂളിംഗ് ഗ്ലാസും പെൻഡ്രൈവും എന്നൊക്കെ പറഞ്ഞു മറ്റുചില തട്ടിപ്പുകാർ.അറിയാതെയെങ്ങാനും ഒന്ന് അവരുടെ നേരെ നോക്കിപോയാൽ പിന്നെ തീർന്നു,പിന്നെ അവരുടെ മുന്നിൽ നിന്ന് ഒഴിഞ്ഞു മാറുന്നതൊരു വല്ലാത്ത കടമ്പ തന്നാണെ. പക്ഷെ ഞാൻ പെട്ടില്ലങ്കിലും തട്ടിപ്പിന്റെ നിര തീർന്നട്ടില്ല.
"ഇതായിരുന്നോ റോസ്ലിൻ സിസ്റ്റർ പത്താം ക്ലാസ്സിൽ പഠിപ്പിച്ച ഡൽഹി???"
കാഴ്ച്ചയിൽ അല്പം വൃത്തി തോന്നിക്കുന്ന ഒരു മധ്യവയസ്കൻ അടുത്തേക്ക് വന്ന് ഏകദേശം ATM കാർഡിന്റെ വലുപ്പമുള്ള ഒരു ഇന്ത്യൻ പതാക എന്റെ നെഞ്ചിനോട് ചേർന്ന് ഷർട്ടിൽ കുത്തിയപ്പോൾ അദ്ദേഹത്തിന്റെ ദേശസ്നേഹത്തോട് ഞാനല്പം മനസ്സുകൊണ്ട് ബഹുമാനിച്ചു പോയി.ഇത്തരത്തിൽ ഉള്ളവരും ഇന്ത്യയിൽ ഉണ്ടല്ലോ എന്നോർത്ത് ഞാൻ അഭിമാനിച്ചു. അദ്ദേഹത്തിന്റെ തേജസ്സായ മുഖത്തോട്ട് നോക്കി ഞാനൊന്ന് മന്ദഹസിച് അറിയാവുന്നത് പോലെ നല്ല രാഷ്ട്ര ഭാഷയിൽ ഒരു നന്ദി വാചകം കൂടി കാച്ചിയിട്ട് ഞാൻ മുന്നോട്ട് നടന്നു.
അപ്പോളതാ അദ്ദേഹം വീണ്ടും എന്നെ പുറകിൽ നിന്നും വിളിച്ചു.ഇനിയെന്തിനാണാവോ വീണ്ടും വിളിക്കണെയെന്നു ആലോചിച്ചുകൊണ്ടു ചിരിച്ച മുഖത്തോടെ പുറകോട്ട് തിരിഞ്ഞു നോക്കി.
എങ്കിൽ തേജസോടെ ജ്വലിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ മുഖമിപ്പോൾ ഒറ്റപ്പെട്ടുപോയ ഇരയെ കണ്ട സൂത്രശാലിയായ കുറുക്കന് തുല്യമായിരുന്നു.അത് മറ്റൊന്നുമല്ല മന്ദഹസിച്ചു മടങ്ങിയ എന്നോടയാൽ സംഭാവനയായി പണം ചോദിക്കാനായിരുന്നു.
"എന്ത് കഷ്ടാലെ"
"പണമെന്തിന് അതിന് നിങ്ങളാരാ..."
എന്ന് പറഞ്ഞു തീർന്നതും അയാൾ ചൂടാകാൻ തുടങ്ങി.ഒരു വിധത്തിൽ ഞാൻ അവിടെ നിന്നും വലിഞ്ഞു.അല്ലാ എന്താലെ ഓരോരുത്തരുടെയും ദേശസ്നേഹം.ഇങ്ങനെ ചില തട്ടിപ്പുകൾ നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
സമയം പോയിക്കൊണ്ടിരിക്കുവാണ്,മൂന്ന് മണിയായെന്നു തോന്നുന്നു.കഴിക്കാൻ ഒന്നും വാങ്ങിയിട്ടുമില്ല.കേരള ഹോട്ടലിലാണേൽ ഒടുക്കത്തെ തിരക്കും.മൂന്ന് പൊറോട്ടക്കും ഒരു മുട്ടകറിക്കുമുള്ള ഓഡറും പണവും കൊടുത്തു. അധികം താമസിക്കാതെ അവർ രണ്ട് വെള്ള ഷിമ്മീകൂട്ടിൽ പൊതിഞ്ഞ് എന്റെ കയ്യിൽ തന്നു.ഞാനതും വാങ്ങി ഓടിയിറങ്ങി.ഒരു ഓട്ടോക്കാരനെ വിളിച്ച് ഓൾഡ് ഡൽഹിയിലേക്ക് പോകാനായി വണ്ടി തയാറാക്കി.അയാളോട് ടാക്സി കൂലിയെപറ്റി യാതൊന്നും തർക്കിക്കാൻ നിന്നില്ല.പ്രത്യേകിച്ചും ഹിന്ദിയോടുള്ള പരിചയക്കുറവും സമയക്കുറവും മറുനാട്ടിൽ ഒറ്റപെട്ടുപോയ മലയാളിക്ക് ഒരു വെപ്രാളം തന്നെയായിരിക്കും.
ഓട്ടോറിക്ഷ പല വണ്ടികളെയും വെട്ടിച്ചു വെട്ടിച്ചു മുന്നോട്ട് കുതിക്കുകയാണ്.കാരണം എത്ര കൂലിയായാലും കുഴപ്പമില്ല എന്നെ മൂന്നരക്ക് മുന്നേ അവിടെ എത്തിച്ചാൽ മതിയെന്ന് അറിയാവുന്ന ഹിന്ദിയിൽ അദ്ദേഹത്തോട് പറഞ്ഞു.ചെറുതായി കാറ്റ് വീശി തുടങ്ങിയിരുന്നു.തണുപ്പ് കാലം തുടങ്ങാറായില്ലേ അതായിരിക്കാം.എന്തായാലും ആ കാറ്റത്തും വണ്ടിക്കുള്ളിലിരുന്നു ഞാൻ വിയർക്കുകയാണ്.സമയം എത്രയായോ എന്തോ... മൂന്ന് കഴിഞ്ഞിട്ടുണ്ടാവും അതുറപ്പാ.
ദേ വരുന്നു അടുത്ത പണി ബ്ലോക്കിന്റെ രൂപത്തിൽ.കുറെ കൊടികൾ പറത്തികൊണ്ട് ഒരു ഗുണവുമില്ലാതെ ഗതാഗതം സ്തംഭിപ്പിച്ച ഈ നശിച്ച രാഷ്ട്രീയത്തെ മനസ്സിൽ ഞാൻ പ്രാകിപോയി.എന്ത് ചെയ്യും ഇപ്പോൾ ഞാനിരിക്കുന്ന ഓട്ടോ ഏതാണ്ട് ബ്ലോക്കിന്റെ നടുക്കായെന്ന് തോന്നുന്നു.അതായത് മുന്നിലും പിന്നിലും നിരവധി വാഹനങ്ങൾ താറാവ് കൂട്ടം പോലെ നിറഞ്ഞെന്ന് സാരം.ഓട്ടോക്കാരൻ എന്നെ സമാധാനിപ്പിക്കുന്നുണ്ട്.
"സാർ പേടിക്കണ്ട ഞാൻ മൂന്നരക്ക് മുന്നേ എത്തിച്ചിരിക്കും."
അപ്പോൾ കുറച്ച് ആശ്വാസം തോന്നിയിരുന്നു.കാരണം മൂന്നര ആയിട്ടില്ല എന്നുതന്നെ ഉറപ്പിക്കാലോ..... പക്ഷെ ഈ ബ്ലോക്ക് വീണ്ടും നീണ്ടു നിന്നു. എന്റെ വെപ്രാളം കൊണ്ട് മുഖഭാവം ഒക്കെ മാറിതുടങ്ങിയിരുന്നു.ആ നിമിഷം എന്റെ മുഖം കണ്ണാടിയിലൂടെ നോക്കിയാൽ എങ്ങനെയിരിക്കുവോ എന്തോ....
അങ്ങനെ ബ്ലോക്കിനെയും മറികടന്ന് സിഗ്നലിനെയും വെട്ടിച് മറ്റുവണ്ടികളെയും ഓടിതോല്പിച്ചു ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷനിൽ ഓട്ടോറിക്ഷ വന്നു നിന്നു. വല്ല്യ പരിചയമൊന്നുമില്ലങ്കിലും ഒരു മലയാളിയെ കൂട്ടിനു കിട്ടിയിരുന്നേൽ ഇനിയെങ്കിലും ഒന്ന് അലയാതെ രക്ഷപെടാമായിരുന്നു.അന്യദേശത്തുള്ള ഒരു മലയാളിയും മറ്റൊരു മലയാളിയെ സഹായിക്കാതെയിരിക്കത്തില്ല... അതുറപ്പാ...
പക്ഷെ ആരെയും ഞാനാനിമിഷം കണ്ടില്ല.
അങ്ങനെ കുറച്ചൊക്കെ... അല്ല കുറച്ചേറെയൊക്കെ അലഞ്ഞിട്ടാണെങ്കിലും യഥാപ്ലാട് ഫോമിൽ എത്തിപ്പെട്ടു.അവിടെയും ഇവിടെയും ആൾക്കാരുടെ തിക്കും തിരക്കും കൊണ്ട് പ്ലാട് ഫോം നിറഞ്ഞിരിക്കുവാണ്.
അതാ നീണ്ടുനിവർന്നു കിടക്കുന്നു എന്റെ ജോലി സ്ഥലത്തേക്ക് പോകാനുള്ള തീ വണ്ടി... ഛെ..."ട്രെയിൻ". ഇനിയൊന്ന് സമയം നോക്കിയേക്കാം.ഇതുവരെ സമയം എത്രയായെന്നു നോക്കാഞ്ഞത് കൈയിൽ വാച്ചില്ലാഞ്ഞിട്ടോ മൊബൈലിൽ സമയം ഇല്ലാഞ്ഞിട്ടോ അല്ല. ഈ അവസരങ്ങളിൽ ഓരോ തവണയും സമയം നോക്കുംതോറും സമയം മുന്നോട്ടോടുന്നതുപോലെ നമ്മുടെ വെപ്രാളവും അതിനോടകം കൂടും.ഒരുപക്ഷെ ഞാൻ ഓട്ടോറിക്ഷയിൽ വച്ച് സമയം നോക്കിയിരുന്നെങ്കിൽ വെറുതെ BP കൂട്ടി വല്ലതും വരുത്തി വച്ചോണ്ടേനെ. ഇപ്പോൾ അങ്ങനെയൊന്നും ഉണ്ടായിട്ടില്ലല്ലോ ട്രെയിനിന്റെ അടുത്ത് ഞാൻ എത്തിയിരിക്കുന്നു.ഇനിയൊന്ന് നോക്കിയേക്കാം... ഞാൻ ഒട്ടും മടിക്കാതെ ഇടത്തെ കൈയിൽ കെട്ടിയ ഫാസ്ട്രാക്ക് വാച്ചിൽ സമയം നോക്കി... 03:25.
എന്റമ്മോ...കോച്ചും സീറ്റും കണ്ടുപിടിച്ചിട്ടില്ല.സമയം നോക്കിയത് അബദ്ധമായെന്നു തോന്നുന്നു.അന്യോഷിച്ചിട്ടും അന്യോഷിച്ചിട്ടും എനിക്ക് കയറാനുള്ള ബോഗി കാണുന്നില്ല.ഈ ഭാരപ്പെട്ട ബാഗ് വലിച്ചുകൊണ്ട് ഞാൻ ട്രെയിനിന്റെ അങ്ങേയറ്റവും ഇങ്ങേയറ്റവും ഓടിനടന്നിട്ടും കിട്ടിയില്ല.
"എന്റെ ഈശ്വരാ... കയ്യും കാലുമൊക്കെ വിറച്ചുതുടങ്ങിയിരിക്കുന്നു.തണുപ്പുണ്ടേലും ഷർടോക്കെ വിയർത്തൊലിച്ചു.വെപ്രാളം കൊണ്ട് പിന്നെയും എനിക്ക് സമയം നോക്കേണ്ടി വന്നു.പിന്നെ നോക്കിയതും അന്യോഷിച്ചതും ഒന്നും എനിക്കോർമയില്ല.അത്രക്കും പാഞ്ഞായിരുന്നു എന്റെ പോക്ക്.എന്നിട്ടും കണ്ടെത്താൻ സാധിച്ചില്ല.ഒരുപക്ഷെ ഒരു ബോഗിയുടെ നമ്പർപോലും മനസ്സിരുത്തി വായിക്കാനുള്ള സാവകാശം എന്റെ വെപ്രാളംകൊണ്ട് സാധിച്ചില്ലായെന്നു പറയാം.ഇത്തരം അവസരങ്ങളിൽ എന്റെ ഇടതുകാൽ നിലത്ത് കുത്താൻ വയ്യാത്ത വിറയൽ ഉണ്ടാവും.അപ്പോൾപ്പിന്നെ ഇനിയങ്ങോട്ട് ഓടിനടന്ന് അന്യോഷിക്കാൻ വയ്യാണ്ടായപ്പോൾ മുന്നിൽ കണ്ട ഏതോ ഒരു ബോഗിയിൽ കയറിയപ്പോഴേക്കും ട്രെയിൻ ചലിക്കാൻ തുടങ്ങിയിരുന്നു.ട്രെയിനിൽ കയറാൻ പറ്റിയതിന്റെ ആശ്വാസത്തിൽ ഞാൻ സാവധാനം ബോഗിയും സീറ്റും കണ്ടെത്തി.ഇക്കണ്ട നേരം മുഴുവൻ ബാഗും വലിച്ചുകൊണ്ടുള്ള ഓട്ടം എന്നെ തളർത്തിയിരുന്നു.ഞാനൊന്ന് വിശ്രമിക്കാൻ ഇരുന്നപ്പോഴും ഇടതുകാലിലെ വിറയൽ മാറിയിട്ടില്ലായിരുന്നു.
മിണ്ടിപറയാൻ ഒരാളുണ്ടായിരുന്നേൽ അത് വലിയ സഹായമായിരുന്നേനെ എന്ന് ഞാൻ ആലോചിച്ചുപോയി.എന്താണെലും ഈ ട്രെയിനിൽ അത്തരം ചിലർ ആരുംതന്നെ കാണില്ലാന്ന് ഉറപ്പാണ്.എന്റമ്മേ ഞാനെന്നാ ചെയ്യും.പോയി ഇറങ്ങേണ്ട സ്ഥലം ആയെന്നെങ്ങനെ അറിയുമെന്ന് ആലോചിച്ച് ഞാൻ ഇരുന്നു.
ട്രെയിനിന്റെ അകമാണേൽ തിരക്കോട് തിരക്ക്.ചായക്കാർ ഓടി നടന്ന് കയ്യിലുള്ള ചായ വിറ്റ് തീർക്കുന്ന തിരക്കിൽ ഒപ്പം കാപ്പിക്കാരും.പിന്നെ കടലക്കാരായി പരിപ്പ് കാരായി എന്നിങ്ങനെ എത്രയോ ജോലിക്കാരാണ് പാഞ്ഞു നടക്കുന്നത്.സൈഡ് അപ്പർ ബെർത്ത് കിട്ടിയത് എന്തായാലും നന്നായി.ഒന്ന് കയറി കിടക്കാൻ പറ്റുവല്ലോ. കുറെ ഓടിയലഞ്ഞതല്ലേ. ട്രെയിൻ കുറെ ഓടിയകന്നിരിക്കുന്നു. ഇപ്പോളാണേൽ ബോഗിക്കുള്ളിലെ തിരക്ക് അല്പം കുറഞ്ഞിട്ടുണ്ട്.കയ്യും മുഖവും കഴുകാനായി ഞാൻ പുറത്തേക്ക് പോയി.മുഖത്ത് വെള്ളമൊഴിച്ചു കണ്ണാടിയിലേക്ക് നോക്കിയപ്പോൾ എന്റെ മുഖം ക്ഷീണിച്ചു വാടിതളർന്നിരുന്നു. എങ്ങനെ വാടിതളരാതിരിക്കും മൂന്ന് ദിവസമായില്ലേ ഈ അലച്ചിൽ തുടങ്ങിയിട്ട്.മാത്രവുമല്ല വീട്ടിൽ നിന്ന് ഇറങ്ങിയതിൽ പിന്നെ കുളിച്ചിട്ടുമില്ല.എങ്ങനെ കുളിക്കാൻ ട്രയിനിലെ കക്കൂസിന്റെ അവസ്ഥ പറയാൻ തുടങ്ങിയാൽ വളരെ പരിതാപകരമാണ്. മുഖമൊക്കെ കഴുകി തലമുടിയൊക്കെ ഒന്ന് ചീകി എന്റെ സീറ്റിലേക്ക് നടന്നപ്പോൾ അകത്തെ സീറ്റിൽ രണ്ട് സുന്ദരി പെൺകുട്ടികൾ.ഏകദേശ കാഴ്ചപ്പാടിൽ ഇരുപത് ഇരുപത്തിരണ്ട് പ്രായത്തിൽ കൂടത്തില്ല.എല്ലാ ആൺപിള്ളേരുടെ ഉള്ളിലും പൂവാലൻ ഉള്ളതുകൊണ്ട് ഞാനവരെയൊന്ന് നോക്കി.കാഴച്ചപാടിൽ ആ രണ്ടെണ്ണവും വടക്കത്തികൾ ആകാനെ സാധ്യതയുള്ളൂ.
എണ്ണ തേക്കാതെ പറന്ന് പന്തലിച്ചിരിക്കുന്ന കാർകൂന്തൽ.വെളുത്ത തുടുത്ത മേനിയഴക്.കാലുമേൽ കാലും വച്ചുള്ള ഒരിരുപ്പ് പിന്നെ ഒരിക്കലും തേച്ചു കഴുകാത്ത ചെളിപിടിച്ച കാലുകൾ.
ഇതെന്താ ഈ വടക്കത്തി പെൺകുട്ടികൾക്ക് ശരീരത്തിലെ ചില ഭാഗങ്ങളിൽ മാത്രം സൗന്ദര്യം വർദ്ധിപ്പിച്ചാൽ മതിയോ...
മഹാഭാരത കഥയിലെ അർജുനന്റെ വില്ലിനോട് സാമ്യം തോന്നിക്കുന്ന അവരുടെ മേൽചുണ്ടിലും അതിനോട് ഒട്ടിപിടിച്ചുകിടക്കുന്ന കീഴ്ചുണ്ടിലും ചുവപ്പ് നിറം തേച്ചുപിടിപ്പിക്കാൻ പോയതിന്റെ പകുതി സമയം വേണ്ടിയിരുന്നില്ല ആ കാലുകളൊന്ന് തേച്ചു വെളുപ്പിക്കാൻ.പെണ്ണായാലും ആണായാലും അവരുടെ കാൽപാദങ്ങൾ വൃത്തിയായി സൂക്ഷിക്കണം.ഒരാളുടെ ഏകദേശ രൂപവും ഭാവവും അവരവരുടെ കാൽപാദങ്ങളിൽ നിന്ന് വായിച്ചെടുക്കാൻ സാധിക്കും.കുളിച്ചൊരുങ്ങി നമ്മുടെ മലയാളി പെൺകുട്ടികൾ മുന്നിൽ വന്നു നിന്നാൽ അവരുടെ തല മുതൽ കാൽപാദം വരെ തിളക്കമായിരിക്കും....
"ആഹ്....... പോട്ടെ...ഏതായാലും രണ്ട് പെൺകുട്ടികൾ,എനിക്കൊരു പരിചയവുമില്ലാത്ത രണ്ട് പെൺകുട്ടികൾ,ഞാനോ അവരോ ഇറങ്ങേണ്ടിടത്ത് ഇറങ്ങി കഴിഞ്ഞാൽ ഇനി ഒരിക്കലും കാണാൻ പോവുന്നില്ലാത്ത രണ്ട് പെൺകുട്ടികൾ,അവരിപ്പൊ എങ്ങനെയായാലും എനിക്കെന്താ...?"
ഞാനെന്റെ സീറ്റിൽ ചെന്നിരുന്ന് ഒന്നുകൂടി ഉറപ്പുവരുത്താനായി ബാഗുകൾ ഇരിക്കുന്നയിടത്ത് നോക്കി.കാരണം ഈ ട്രയിനിലെ മോഷണ കഥകൾ ഓമനേച്ചി പറയുന്നത് കേട്ടു.പണ്ടെന്നോ ഓമനേച്ചിയും ദിനേശേട്ടനും ഈ ട്രെയിനിൽ യാത്ര ചെയ്തപ്പോൾ അവരുടെ സാധനങ്ങൾ മോഷണം പോയ കഥ താടിക്ക് കയ്യും കൊടുത്ത് ഓമനേച്ചി അമ്മയോട് പറയുമ്പോൾ ഇപ്പോഴും ചേച്ചിയുടെ കണ്ണിൽ അന്നത്തെ വിഷമം കാണാമായിരുന്നു.
ജനൽകമ്പിയിൽ പുറവും ചാരി അങ്ങോട്ടും ഇങ്ങോട്ടും നോക്കികൊണ്ട് കുറെ നേരം ഇരുന്നു.ഈ അന്യദേശത്ത് ഒറ്റക്കുള്ള യാത്ര ബുദ്ധിമുട്ടുതന്നെ.ഒന്ന് മിണ്ടിപറയാൻ ഒരു മലയാളി പോലുമില്ല,ഉള്ളത് കുറെ ജാഡ ഹിന്ദിക്കാരും.എന്ത് ചെയ്യും കുറെ നേരം ഒരു വസ്തുവിലേക്ക് നോക്കിയിരുന്നിട്ട് പിന്നെ മറ്റൊന്നിലേക്ക് നോക്കിയിരിക്കും.ഓരോന്നിലേക്കും നോക്കുന്നതിനിടയിൽ ആ രണ്ട് വടക്കത്തി പെൺകുട്ടികളെയും നോക്കാതിരുന്നില്ല.എങ്കിലും നേരിട്ട് നോക്കാനൊരു മടി.അതുകൊണ്ട് അവരിരിക്കുന്നതിനടുത്തുള്ള ഭാഗങ്ങളിൽ നോക്കുന്നതിനിടയിൽ വ്യാജേന ചില ഓട്ടകണ്ണിലൂടെ നോക്കിക്കൊണ്ടിരുന്നു.
ട്രെയിനിന്റെ വേഗത കൂടിയിരിക്കുന്നു ഒപ്പം കാറ്റിന്റെ വേഗതയും.പെൺകുട്ടികളുടെ തലമുടിയിതളുകൾ കാറ്റത്തവരുടെ കവിളുകളെ തലോടികൊണ്ടിരുന്നു.കാറ്റിന്റെ വേഗതയിൽ അവരുടെ കൺചിമ്മൽ കൂടിയിട്ടുണ്ടോ എന്നൊരു സംശയം.ഞാനീനേരം മുഴുവൻ അവരെ നോക്കുന്നുണ്ടെലും അവരൊരു തവണപോലും തലയുയർത്തി എന്നെ നോക്കിയില്ല.എല്ലാം അവരുടെ കയ്യിലിരിക്കുന്ന തോണ്ടുന്ന ഫോണാണ് കാരണം.അങ്ങനെ ഒരു പുരോഗമനവും കാണാത്തത് കൊണ്ട് ഞാനെന്റെ ഭാഗത്ത് അടങ്ങിയിരുന്നു.എനിക്കാണേൽ ക്ഷീണം കാരണം മുകളിൽ കിടന്നൊന്ന് ഉറങ്ങണമെന്നുണ്ട്.എന്നിട്ടും ഞാൻ ഉറങ്ങിയില്ല.ഉറക്കം വരാഞ്ഞിട്ടല്ല കണ്ണടക്കുമ്പോൾ മനസ്സിലാധി കൂടും.ഇറങ്ങേണ്ടിടത്ത് ഇറങ്ങാൻ പറ്റിയില്ലങ്കിലോ,എന്റെ സാധനങ്ങൾ ആരെങ്കിലും കട്ടോണ്ട് പോയാലോ...ഹോ ഓർത്തിട്ടു പേടിയാവുന്നു.ഞാൻ കിടക്കാതെ അവിടെ തന്നെ ഇരിക്കാൻ തീരുമാനിച്ചു.
കണ്ണ് ആടിയാടി ഉലയുന്നുണ്ടായിരുന്നു.ഇടക്ക് ഉറക്കം കണ്ണിനെ മറച്ചുകളയുന്നുണ്ടേലും ചാടിയെണീക്കും.അപ്പോൾ തോന്നും പഠിച്ചുനടന്നപ്പോൾ ഹിന്ദിയെ അവഗണിച്ചതിന് സ്വയം കുറ്റബോധം.ഇല്ലായിരുന്നേൽ ആ പെൺകുട്ടികളോട് സംസാരിച്ചിരിക്കായിരുന്നു.അങ്ങനെ വീണ്ടും പെൺകുട്ടികളെ ശ്രദ്ധിക്കുന്നതിനിടയിൽ അവരുടെ അടുത്തിരിക്കുന്ന ആ മനുഷ്യനെ ശ്രദ്ധിച്ചു.അഴുക്കുപിടിച് നരച്ച താടിയും മുടിയും മീശയും.അതും നീണ്ടെരംഭിച്ചു വായ് പോലും കാണാൻ പറ്റാത്തവസ്ഥ. ചെളികൾ തിങ്ങി നീണ്ടുവളഞ്ഞ കൈകാലുകളിലെ നഖങ്ങൾ.അഴുക്ക് പുരണ്ട ശരീരവും മടിയിലാണേൽ ഒരു കീറ സഞ്ചിയും.ശരിക്കും പറഞ്ഞാൽ ആർക്കാണേലും അറപ്പ് തോന്നും.അദ്ദേഹത്തിന്റെ അടുത്ത് പോയിട്ട് പരിസരത്ത് പോലും ഇരിക്കാൻ സാധിക്കില്ലാ.എന്തൊരു ജീവി.
നെറ്റി ചുളിച്ചുകൊണ്ടു അദ്ദേഹത്തെ നോക്കുന്നതിനിടയിലായിരുന്നു അയാളൊരു തമിഴ് പത്രമായിരുന്നു വായിച്ചുകൊണ്ടിരിക്കുന്നതെന്നു കണ്ടത്.ചെറുപ്പത്തിലേ തമിഴ് പടങ്ങൾ കണ്ടു ശീലിച്ചതെന്തായാലും നന്നായി.അപ്പോളയാളോട് ഇറങ്ങേണ്ടിടം ചോദിച്ചറിയാം. പക്ഷെ അയാളെപോലെ അറപ്പുതോന്നിക്കുന്ന ഒരാളുടെ അടുത്തുപോയി സംസാരിക്കുന്നത് കണ്ടാൽ മറ്റുള്ളവർ എന്നെപ്പറ്റി എന്തുവിചാരിക്കും.മാത്രവുമല്ല ആ പെൺകുട്ടികൾ എന്നെപ്പറ്റി നല്ലത് ധരിച്ചിട്ടുണ്ടേൽ അതൊക്കെ ഒരു മഴയത്ത് ഒലിച്ചുപോവില്ലേ എന്ന വിലയില്ലാത്ത ചിന്തകൾ എന്നെ അദ്ദേഹത്തിൽ നിന്നും അകറ്റി നിർത്തി.
എല്ലാവരും അത്താഴത്തിനുള്ള ഭക്ഷണം നേരത്തെ കഴിക്കുകയാണ്.ഞാൻ ആ പെൺകുട്ടികളെ നോക്കിയപ്പോൾ അവരും ഭക്ഷണം കഴിച്ചു തുടങ്ങിയിരുന്നു.എനിക്കാണെ ഇവരുടെ മുന്നിലിരുന്ന് കഴിക്കാനൊരു മടിപോലെ.കഴിക്കാണ്ടിരിക്കാൻ കഴിഞ്ഞതുമില്ല.അതുകൊണ്ട് വളരെ മാന്യതയോടെ ഭക്ഷണം കഴിക്കാൻ ആരംഭിച്ചു. ഭക്ഷണം ഒട്ടും നിലത്ത് ചാടാതെ,കൈകളിലും ചിറികളിലും അലസമായി ഭക്ഷണ സാധനങ്ങൾ പറ്റിപിടിച്ചിരിക്കാതെ,കഴിക്കുന്ന സ്വരം ഒന്നും പുറത്ത് കേൾക്കാതെ,വായ് ശരിക്കും തുറക്കാതെ ആട് അയവിറക്കുന്നത് പോലെ ഞാൻ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു.ഭക്ഷണമൊന്നും കഴിക്കാതെ എന്തോ വായിച്ചുകൊണ്ടിരുന്ന ആ അഴുക്കുപിടിച്ച തമിഴനെ കണ്ടപ്പോൾ ഇയാൾക്കൊന്നും കഴിക്കണ്ടേയെന്നു ഞാൻ മനസ്സിൽ പിറുപിറുത്തുപോയി.
ട്രെയിൻ നീണ്ടുവലിഞ്ഞു കൂവികുറുക്കളിച്ചു ഓടികൊണ്ടിരിക്കുവാണ്.പുറത്താണേൽ ഇരുട്ടിന്റ ശക്തി കൂടികൊണ്ടിരിക്കുന്നു.ഇരുട്ടിലേക്ക് നോക്കുമ്പോൾ ശകലം പേടിയും വെപ്രാളവും കൂടിയിട്ടുണ്ട്.തമിഴനോട് സംസാരിക്കണമെന്നൊക്കെ തോന്നിയെങ്കിലും എന്നിലെ അന്തസ്സനുവദിച്ചില്ല. ഭക്ഷണമൊക്കെ കഴിച്ച് എല്ലാവരും സീറ്റിൽ ഇരിക്കുകയായിരുന്നു.
വീട്ടിലാണെങ്കിൽ വായ്തോരാതെ മിണ്ടിക്കൊണ്ടിരുന്നയെനിക്ക് വാമൂടികെട്ടിയ ഈ അവസ്ഥ വളരെ മുഷിയുന്നുണ്ടായിരുന്നു.സീറ്റിലിരിക്കുന്ന ഓരോരുത്തവരുടെയും മുഖത്തോട്ട് നോക്കുന്നതിനിടയിൽ ജനലരികിൽ ഇരിക്കുന്ന ആ മനുഷ്യനെ ഞാൻ കണ്ടു.നല്ല ഉയരത്തിനൊത്ത വണ്ണവും വെളുത്ത ശരീരവും കട്ടമീശയും വിലമതിക്കുന്ന വസ്ത്രങ്ങളും.എല്ലാംകൊണ്ടും തന്നെ അദ്ദേഹത്തെ ഒറ്റനോട്ടത്തിൽ എനിക്ക് മതിപ്പുതോന്നി.അദ്ദേഹം ജനൽ കമ്പിയിലേക്ക് തല ചാരിവച്ചു ആരോടൊ ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു.ഒരാളുടെ ഫോൺ സല്ലാപം കേൾക്കാൻ ചെവിയോർക്കുന്നത് ശരിയല്ലെന്നറിയാം. പക്ഷെ ഒരു പരിചയവുമില്ലാത്തിടത്തേക്ക് ഒറ്റക്കുവന്നയെനിക്ക് അത് ശ്രദ്ധിച്ചേ മതിയാവൂ.ചെവികൾ വട്ടംപിടിച്ചുകൊണ്ടു സംസാരം ശ്രദ്ധിച്ചപ്പോഴാണത് കേട്ടത്.
'മലയാളം'
അതെ.എന്റെ മനസ്സിൽ മതിപ്പുതോന്നിയ ആ ജനലിനടുത്തിരുന്നു സംസാരിക്കുന്ന ആൾ മലയാളിയായിരുന്നു.കുറച്ച് വൈകിയാണെങ്കിലും ഒരു മലയാളിയെ കണ്ടതിന്റെ സന്തോഷം എനിക്കെങ്ങനെയാ പ്രകടിപ്പിക്കേണ്ടതെന്ന് മനസ്സിലാവുന്നില്ല.മനസ്സിൽ ഒരു ആശ്വാസത്തിന്റെ നെടുവീർപ്പിട്ടുകൊണ്ട് ഞാൻ ആലോചിക്കുവായിരുന്നു.
"എല്ലാവരെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നെങ്കിലും ഇദ്ദേഹത്തെ ഞാൻ കണ്ടതേയില്ല...
ഹോ... ഇനിയിപ്പോൾ ഇദ്ദേഹമുള്ളത് കൊണ്ട് പേടിക്കേണ്ടിവരില്ല."
എവിടെയാണ് എപ്പോഴാണ് ഇറങ്ങേണ്ടതെന്നൊക്കെ ഈ മലയാളി സഹായിക്കുമെന്ന വിശ്വാസം മനസ്സിലുറപ്പിച്ചു.അപ്പോൾ ശരിക്കുമൊന്നു ഉറങ്ങിയാലും സാധനങ്ങൾ മോഷണം പോകുമെന്ന് പേടിക്കേണ്ടതില്ല.മനസ്സിലൊരു കുളിർമഴ പെയ്തതുപോലെ ഇന്നനുഭവിച്ച ക്ഷീണങ്ങളെല്ലാം കാറ്റത്ത് അപ്പൂപ്പൻതാടി പറന്നു പോയതുപോലെയങ്ങില്ലാതായിരിക്കുന്നു ഒരു മലയാളിയെ കണ്ടപ്പോൾ.
പോയൊന്നു പരിചയപ്പെട്ടേക്കാം കാരണം അദ്ദേഹവും ഒറ്റക്കായിരിക്കുമെന്നു എനിക്ക് തോന്നി.ഒറ്റപ്പെട്ട യാത്രയുടെ മടുപ്പിക്കൽ എല്ലാവരെക്കാളും എനിക്കറിയാവുന്നത് കൊണ്ട് അദ്ദേഹത്തെയും അതലട്ടിയിട്ടുണ്ടാവാം.
എന്റെ മുഖത്തെ ആഹ്ലാദത്തിന്റെയും ആശ്വാസത്തിന്റെയും പ്രസാദം കണ്ടെല്ലാവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.ആ തമിഴൻ,രണ്ടു പെൺകുട്ടികൾ അങ്ങനെ മറ്റു പലരും.
ആ മനുഷ്യന്റെ എതിർവശത്തെ സീറ്റിൽ ഒന്ന് പരിചയപ്പെടാനായി ഞാനിരുന്നു.കണ്ടിട്ടാണോ അതോ കാണാത്തത് കൊണ്ടാണോ അദ്ദേഹമെന്നെ ശ്രദ്ദിക്കുന്നില്ലായിരുന്നു.ഇനിയിപ്പോൾ എന്നെയൊരു മലയാളിയായി തോന്നിയില്ലാന്നുണ്ടോ.അദ്ദേഹമാണേൽ ഒരു ഇംഗ്ലീഷ് പത്രം വായിച്ചുകൊണ്ടിരിപ്പാണ്.പത്രത്തിന്റെ കോലം കണ്ടിട്ട് അത് മുഴുവൻ വായിച്ച് തീർന്നതാണെന്നു എനിക്ക് തോന്നിയെങ്കിലും അദ്ദേഹം തിരിച്ചും മറിച്ചും നോക്കിക്കൊണ്ടിരുന്നു.
എനിക്കാണെങ്കിൽ ആദ്യം കയറി മിണ്ടാണൊരു മടിയായത് കൊണ്ട് മുഖത്തേക്ക് പറിച്ചു പറിച്ചു നോക്കിക്കൊണ്ടിരുന്നു.ഒന്ന് നോക്കിയിരുന്നെങ്കിൽ മിണ്ടിതുടങ്ങായിരുന്നു.പക്ഷെ ഒരു പുരോഗമനവും ഞാനദ്ദേഹത്തിൽ നിന്ന് കണ്ടില്ല.ആവിശ്യക്കാരന് ഔചത്യം പാടില്ലാന്നു പറയുന്നത് പോലെ ഞാനദ്ദേഹത്തോട് ചോദിച്ചു നല്ല പച്ച മലയാളത്തിൽ.
"ആ പത്രമൊന്നു തരാമോ"
ഞാൻ ചോദിച്ചത് കേട്ടിട്ടും അദ്ദേഹത്തിന്റെ മുഖത്തിന് ഒരു ഭാവവിത്യാസവും വരുത്താതെ സീറ്റിലിരിക്കുന്ന ഒരു ഷീറ്റ് പത്രം കാണിച്ചു തന്നു.അപ്പൊൾ ഞാൻ മലയാളിയാണെന്നു മനസ്സിലായിട്ടും അദ്ദേഹത്തിൽ നിന്ന് യാതൊരു വ്യത്യാസവും കാണാത്തത് കൊണ്ട് ഞാനല്പം നിരാശയായെന്നുള്ളത് നേരായിരുന്നു.കയ്യിലെടുത്ത പത്രം ചുമ്മായോന്നു ഓടിച് നോക്കിയിട്ട് അതും പിടിച്ചുകൊണ്ട് അവിടെയിരുന്നു.എങ്കിലും ഞാനദ്ദേഹത്തോട് സംസാരിക്കാതെയിരുന്നില്ല.
"എന്താ ചേട്ടന്റെ പേര്?...എങ്ങോട്ടാ പോകുന്നത്?...ഞാൻ കൃഷ്ണകുമാർ..."
ഇത്രയും ചോദിച്ചുകൊണ്ട് വളരെ നിഷ്കളങ്കതയിൽ അദ്ദേഹത്തിന്റെ മുഖത്തേക്കും നോക്കിയിരുന്നു.പക്ഷെ ഇത്തവണ അദ്ദേഹത്തിൽ നിന്നും ചെറിയൊരു വ്യത്യാസം കണ്ടെങ്കിലും അത് അദ്ദേഹത്തിന്റെ പേര് പറഞ്ഞവസാനിപ്പിച്ചു.
"അനന്ദൻ നായർ"
പിന്നെയൊന്നും അദ്ദേഹത്തിന്റെ വായിൽ നിന്നും ഞാൻ കേട്ടില്ല.വായിച്ചുകൊണ്ടിരുന്ന പത്രം വളരെ വേഗതയിൽ മടക്കി സീറ്റിലേക്കെറിഞ്ഞു പോക്കറ്റിൽ കിടന്ന മൊബൈൽ ഫോണെടുത്ത് ആരെയൊക്കെയോ നമ്പർ കുത്തി വിളിക്കുന്നത് കണ്ടു.അദ്ദേഹത്തിന്റെ ഇരിപ്പും മട്ടും കണ്ടപ്പോളെനിക്ക് കാര്യങ്ങൾ വ്യക്തമായിരുന്നു.അത്രക്കും നിസ്സാരമായി അയാളെന്നെ ഒഴിവാക്കിയത് കണ്ടപ്പോൾ ഞങ്ങളെ ശ്രദ്ധിച്ചുകൊണ്ടിരുന്ന സഹയാത്രികരുടെ മുന്നിൽ വച്ച് അയാളെന്നെ തന്റെ ചെരിപ്പൂരി തല്ലിയതുപോലെ എനിക്കുതോന്നി.എന്തുചെയ്യാനാ അടുത്തിരിക്കുന്നവരുടെ മുഖത്ത് നോക്കാൻ എനിക്ക് വയ്യാതായിരിക്കുന്നു.അവർക്കെല്ലാം മനസ്സിലായിട്ടുണ്ടാവും, കാരണം കാര്യങ്ങൾ മനസ്സിലാക്കാൻ പ്രത്യേക ഭാഷക്കാവിശ്യമില്ലല്ലോ.
തണുത്ത കാറ്റ് വീശുന്ന രാത്രിയിൽ തലകുനിഞ്ഞിരിക്കുന്ന ഞാനാനിമിഷം ഒന്നുരുകിപോയിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോയി.കുറച് നേരവും കൂടി ഞാനവിടെ തലകുനിഞ്ഞിരുന്നെങ്കിലും വൈകിക്കാതെ ഞാനെഴുന്നേറ്റ് ആരുടേയും മുഖത്ത് നോക്കാതെ ഭാരിച്ച ദുഃഖവും പേറി എന്റെ ബെർത്തിൽ പോയി കിടന്നു.ഈയൊരു നിമിഷം വരെ എന്റെ ഒരാശ്വാസത്തിനായി ഞാനാഗ്രഹിചുകൊണ്ടിരുന്ന സ്വന്തം നാട്ടുകാരനിൽ നിന്നും എനിക്കിങ്ങനെ കിട്ടിയ പ്രതികരണങ്ങൾ ഒട്ടും സഹിക്കാവുന്നതായിരുന്നില്ല.
ദുഃഖങ്ങളെ കണ്ണുകളടച് കമന്നുകിടന്നുകൊണ്ടിരുന്നപ്പോൾ ആരോ എന്റെ കയ്യിൽ വന്ന് തട്ടി. ഞാൻ എന്റെ കനമേറിയ കൺപോളകളെ വലിച്ചുതുറന്നപ്പോൾ അടുത്തൊരാൾ നിൽക്കുന്നു.
ഞാൻ വെറുപ്പോടും അറപ്പോടും നോക്കിക്കൊണ്ടിരുന്ന ആ വയസായ തമിഴൻ.അദ്ദേഹമെന്നോട് എങ്ങോട്ടാ പോകേണ്ടതെന്നു ചോദിച്ചു.ആ നിമിഷം വരെ അദ്ദേഹവുമായി സംസാരിക്കാൻ മടിച്ചിരുന്ന ഞാൻ ഇറങ്ങേണ്ട സ്ഥലം പറഞ്ഞുകൊടുത്തു.അദ്ദേഹമൊന്നു ചിരിച് എന്റെ കയ്യിൽ തട്ടികൊണ്ട് പറഞ്ഞു.
"ഞാനും അങ്ങോട്ടാ......... കിടന്നുറങ്ങിക്കോ..."
അപ്പോൾ ചിരിച്ചുകൊണ്ട് സംസാരിക്കുന്ന അദ്ദേഹത്തെ കണ്ടപ്പോൾ അറപ്പും വെറുപ്പും തോന്നിയിരുന്നില്ല മറിച്ച് ആ വാക്കുകളിൽ പൂർണമായ വിശ്വാസം ചെലുത്തുകയായിരുന്നു ഞാൻ.
......ആരെയും പുറമേക്കണ്ട ചമയങ്ങൾ കൊണ്ട് വിലയിരുത്തരുതെന്ന് ഞാൻ മനസ്സിൽ കുറിച്ചിട്ടു.....
ഇനി എല്ലാ ക്ഷീണവും ഒന്നകറ്റാനായി മനസ്സ് നിറഞ്ഞൊന്നുറങ്ങാം.ഞാൻ ബാഗ് തലക്കൽ വച്ചുകൊണ്ട് മനസ്സിൽ ചെറു പ്രാർത്ഥനയോടുകൂടി മെല്ലെ കണ്ണുകളടച്ചു.ട്രെയിൻ ആടിയുലഞ്ഞു പോയിക്കൊണ്ടിരിക്കുകയാണ്. യാത്രക്കാരെല്ലാവരും ഉറങ്ങിയിരിക്കുന്നു. ലൈറ്റുകളെല്ലാം അണഞ്ഞു തുടങ്ങി.ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണുകൊണ്ടിരിക്കുവാണ്.ഒരമ്മ കുഞ്ഞിനെ തൊട്ടിലേലിട്ടു ആട്ടിയുറക്കുന്നതുപോലെ ട്രെയിൻ എന്നെ ആട്ടിയാട്ടി ഉറക്കി.
Abhiram Vasudev